മദർ വെസലുകൾക്ക് അടുക്കാൻകഴിയുന്ന തുറമുഖങ്ങൾ ഇല്ലാത്തതിനാൽ സിങ്കപ്പൂർ, ക്ലാങ് (മലേഷ്യ) ദുബായ്, കൊളംബോ എന്നീ ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയിലെ ചരക്കുനീക്കം നടക്കുന്നത്. ഇതിലൂടെ ഉണ്ടാകുന്ന ധനനഷ്ടവും സമയനഷ്ടവും വ്യാപാരമേഖലയ്ക്ക് കനത്തബാധ്യത സൃഷ്ടിക്കുന്നു.
തീരത്തോടു ചേർന്ന് 20 മീറ്റർവരെ സ്വാഭാവിക ആഴം ലഭിക്കുന്ന വിഴിഞ്ഞം തുറമുഖം നിലവിൽവരുന്നതോടെ എം.എസ്.സി. ഐറിന ഉൾപ്പെടെയുള്ള കൂറ്റൽ കപ്പലുകൾക്കുവരെ ഇവിടേക്ക് അടുക്കാനാവും.
മറ്റു രാജ്യങ്ങളിലുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളെ ആശ്രയിക്കാതെ തന്നെ രാജ്യത്തെ ചരക്കുനീക്കം സാധിക്കുമെന്നതാണ് വിഴിഞ്ഞം തുറമുഖം കൊണ്ടുവരാൻപോകുന്ന വലിയമാറ്റം.
നിലവിൽ വിദേശങ്ങളിലുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളിൽനിന്ന് ഫീഡർ കപ്പലുകളിൽ കണ്ടെയ്നറുകളിൽ രാജ്യത്തെ തുറമുഖങ്ങളിൽ എത്തിച്ചാണ് ചരക്കുനീക്കം സാധ്യമാക്കുന്നത്.
ഇതിലേക്കായി കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യം രാജ്യം ചെലവഴിക്കുന്നുണ്ട്. ഒരു കണ്ടെയ്നറിന് 80 മുതൽ 100 ഡോളർ വരെയാണ് തുറമുഖങ്ങൾക്ക് കൈകാര്യച്ചെലവ് നൽകേണ്ടിവരുന്നത്. ഇതൊഴിവാക്കാനായാൽ ചെലവുചുരുക്കിയും കാലതാമസം കൂടാതെയും വിപണിയിൽ ഉത്പന്നങ്ങൾ എത്തിക്കാൻ സാധിക്കും.
ആഗോളവിപണിയിൽ രാജ്യത്തിന് കൂടുതൽ കരുത്താർജിക്കാൻ ട്രാൻസ്ഷിപ്മെന്റ് തുറമുഖം കൂടിയേതീരൂ എന്നാണ് ഇന്നത്തെ അവസ്ഥ. പുതിയ ലോകക്രമത്തിൽ ചൈനയിൽനിന്ന് ചുവടുമാറ്റാൻ വൻകിട കമ്പനികൾ തയ്യാറെടുക്കുമ്പോൾ ഉപഭൂഖണ്ഡത്തിൽ ഒരുങ്ങുന്ന ഈ ട്രാൻസ്ഷിപ്മെന്റ് തുറമുഖം ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് നിർണായക മുതൽക്കൂട്ടാവുമെന്ന് വ്യവസായലോകവും കരുതുന്നു.
ആപ്പിൾ ഫോൺ നിർമാതാക്കളായ ഫോക്സ്കോണിനു പിന്നാലെ കൂടുതൽ അന്താരാഷ്ട്ര കമ്പനികൾ ഇന്ത്യയിലേക്ക് വരാനും രാജ്യം സെമികണ്ടക്ടർ രംഗത്ത് നടത്തുന്ന മുന്നേറ്റങ്ങൾ ത്വരപ്പെടുത്താനും ട്രാൻസ്ഷിപ്മെന്റ് തുറമുഖം അനിവാര്യമാണ്.
അടുത്ത 30 വർഷംകൊണ്ട് 25,000 കോടിയിലധികം രൂപയുടെ അറ്റാദായം വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന് നേടിക്കൊടുക്കുമെന്ന് 2013-ൽ യു.കെ. ആസ്ഥാനമായുള്ള ഓഡിറ്റ് സ്ഥാപനം ദുലോയ്റ്റ് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്.) ചെയ്യുന്നതിനാൽ ചരക്കുനീക്ക നിരക്കുകൾ അതിന്റെ മാർഗനിർദേശപ്രകാരമുള്ള നിരക്കുകളായിരിക്കും വിഴിഞ്ഞം തുറമുഖത്ത് ഏർപ്പെടുത്തുക.
ഇതു നിലവിലുള്ള അന്താരാഷ്ട്ര നിരക്കുകളെ അപേക്ഷിച്ച് കുറവായിരിക്കുമെന്നതിനാൽ ആഗോള വ്യാവസായിക-വാണിജ്യ സ്ഥാപനങ്ങൾ വിഴിഞ്ഞത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും ആധുനികവും സമ്പൂർണ യന്ത്രവത്കൃതവുമായ തുറമുഖമാണ് വിഴിഞ്ഞത്ത് വരുന്നത്. ചുരുങ്ങിയ സമയംകൊണ്ട് കപ്പൽച്ചാലിൽനിന്ന് തുറമുഖത്തെത്തി യന്ത്രങ്ങളുടെ സഹായത്താൽ പെട്ടെന്നുതന്നെ ചരക്കുകൈമാറ്റം നടത്തി കപ്പലുകൾക്ക് മടങ്ങാനാവുമെന്നതായിരിക്കും വിഴിഞ്ഞത്തിന്റെ അനുകൂല ഘടകം.
നിലവിൽ മൂന്നരദിവസമൊക്കെ പുറംകടലിൽ കാത്തുകിടന്നാണ് ദുബായ് തുറമുഖത്ത് കപ്പലുകൾ അടുക്കുന്നത്.
മാറിയ ആഗോള സമ്പദ്വ്യവസ്ഥയിൽ തുറമുഖങ്ങൾ പ്രവേശനകവാടങ്ങൾ മാത്രമല്ല. ഒരു പ്രദേശത്തിന്റെ വികസനവുമായി നേരിട്ട് ബന്ധമുള്ള മൂല്യനിർമിതകേന്ദ്രങ്ങളായി തുറമുഖങ്ങൾ മാറിയിട്ടുണ്ട്. മധ്യകാലത്ത് സജീവമായിരുന്ന തുറമുഖങ്ങളാണ് പിൽക്കാലത്ത് വ്യാപാര വ്യവസായ കേന്ദ്രങ്ങളായി പരിണമിച്ചത്.
ഷാങ്ഹായ്, ഹോങ് കോങ്, ദുബായ് തുടങ്ങിയ ആധുനിക നഗരങ്ങളുടെ വളർച്ചയിലും അവിടങ്ങളിലെ തുറമുഖങ്ങൾക്ക് വലിയപങ്കുണ്ട്.
വിദേശ തുറമുഖങ്ങൾ വഴി ഇപ്പോൾ കൈകാര്യംചെയ്യുന്ന ഇന്ത്യയിലേക്കുള്ള രണ്ടുകോടി കണ്ടെയ്നറുകളാണ് ഇന്ത്യയിൽവരുന്ന ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളുടെ വിപണി. വിഴിഞ്ഞം പദ്ധതിയുടെ ഒന്നാംഘട്ടം വിഭാവനം ചെയ്തിരിക്കുന്നത് പത്തുലക്ഷം കണ്ടെയ്നർ ശേഷിയാണ്.
ഇതു വിപണിയുടെ ചെറിയൊരു അംശംപോലും ആവില്ല. ഇതു തിരിച്ചറിഞ്ഞാണ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം വികസനത്തിന് നടത്തിപ്പുചുമതലയുള്ള അദാനി പോർട്ട് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എ.പി.എസ്.ഇ.ഇസഡ്.) ഒരുക്കങ്ങൾ തുടങ്ങുന്നത്.
ഗുജറാത്തിലെ മുന്ദ്ര ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറമുഖങ്ങൾ പ്രവർത്തിക്കുന്ന അദാനി എ.പി.എസ്.ഇ.എസഡിന്റെ അനുഭവസമ്പത്ത് വിഴിഞ്ഞത്തിന്റെ വളർച്ചയിൽ നിർണായകമാണ്. വിഴിഞ്ഞം ഹബ്ബാക്കി മാറ്റാൻ ലോകത്തെ രണ്ടു പ്രമുഖ കപ്പൽക്കമ്പനികളുമായി ചർച്ചനടത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
ലോകത്തെ രണ്ടാമത്തെ കപ്പൽ കമ്പനിയായ ഡെൻമാർക്കിന്റെ മസക്ക് ഹബ്ബായി പ്രഖ്യാപിച്ചത് മലേഷ്യ വികസിപ്പിച്ച ക്ലാങ് തുറമുഖത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് നമ്മുടെ മുന്നിലുണ്ട്. 30 ശതമാനം ചരക്കുനീക്കവും ഹബ്ബുകൾ പരസ്പരം നടത്തുന്നതാണ്.
വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ച തലസ്ഥാന നഗരത്തിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ ഭാവി പുതിയ ദിശയിലേക്ക് തിരിച്ചുവിടുമെന്നാണ് കരുതപ്പെടുന്നത്.
തീരത്തോടുചേർന്ന് ലഭിക്കുന്ന സ്വാഭാവിക ആഴവും തീരത്ത് എക്കൽ അടിയാത്തതുമാണ് വിഴിഞ്ഞത്തിന്റെ ഭൗമശാസ്ത്ര പ്രത്യേകതകൾ. വിഴിഞ്ഞത്ത് ഡ്രഡ്ജിങ് കൂടാതെ 20 മീറ്റർവരെ ആഴം സദാസമയം നിലനിർത്താനാവുന്നത് ലോകത്ത് അപൂർവതയാണ്.
ദുബായ് ഉൾപ്പെടെയുള്ള ലോകത്തെ പല പ്രമുഖ തുറമുഖങ്ങളും 15 മീറ്റർ ആഴം നിലനിർത്തുന്നത് പതിവായി ഡ്രഡ്ജിങ് നടത്തിയാണ്. പദ്ധതിപ്രദേശത്ത് അഴിമുഖം ഇല്ലാത്തതും തീരങ്ങളിൽ സാധാരണ കാണാറുള്ള മണൽസഞ്ചാരം ഇല്ലാത്തതിനാലുമാണ് വിഴിഞ്ഞത്ത് ഡ്രഡ്ജിങ് ആവശ്യമായി വരാത്തത്.
വല്ലാർപാടത്ത് വർഷംതോറും കോടികളാണ് ഡ്രഡ്ജിങ്ങിനായി ചെലവാകുന്നത്. ഡ്രഡ്ജിങ് നടത്തി മാറുമ്പോൾതന്നെ നദിയിൽനിന്നുള്ള എക്കലടിയുന്നതിനാൽ ആഴം നിലനിർത്താൻ ബുദ്ധിമുട്ടാണ് അവിടെ. വല്ലാർപാടത്തെ പിന്നോട്ടടിച്ച പ്രധാന ഘടകം കൂടിയാണിത്.
ലോകത്തെ തിരക്കേറിയ രണ്ടു കപ്പൽച്ചാലുകളുമായുള്ള സാമിപ്യമാണ് സമുദ്രവ്യാപാരരംഗത്ത് വിഴിഞ്ഞത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. ലോകത്തിന്റെ ചരക്കുനീക്കത്തിന്റെ 40 ശതമാനത്തോളം വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെക്കൂടിയാണ് കടന്നുപോകുന്നത്.
ആഫ്രിക്ക, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിൽനിന്ന് സിങ്കപ്പൂർ, കൊളംബോ, ഹോങ് കോങ്, ചൈന തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകൾ വിഴിഞ്ഞത്തുനിന്ന് വിളിപ്പാടകലം മാത്രമാണുള്ളത്.