
വിലക്കുറവിലൂടെ ജനങ്ങളെ ഞെട്ടിച്ച രാജ്യത്തെ ബജറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ വിശാല്‍ മെഗാ മാര്‍ട്ട് പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ)യ്ക്ക്. ഏകദേശം 8,500 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം അവസാനത്തോടെയായിരിക്കും കമ്പനിയുടെ ഐപിഒ വരിക. നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ പാര്‍ട്‌ണേഴ്‌സ് ഗ്രൂപ്പും ഇന്ത്യയുടെ കേദാര കാപ്പിറ്റലുമാണ് വിശാല്‍ മെഗാ മാര്‍ട്ടില്‍ കൂടുതല്‍ ഓഹരികള്‍ കൈയാളുന്നത്. ഇവര്‍ ഐപിഒയിലൂടെ നിശ്ചിത ഓഹരികള്‍ വില്‍ക്കുമെന്നാണ് സൂചന.
ഇന്ത്യയിലെ ചെറുനഗരങ്ങളിലായി 560ഓളം സ്‌റ്റോറുകള്‍ വിശാലിനുണ്ട്. ഗ്രോസറികള്‍ക്ക് പുറമെ വസ്ത്രങ്ങളും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നുവെന്നതാണ് പ്രത്യേകത. 99 രൂപ മുതല്‍ ടീഷര്‍ട്ടുകളും 700 രൂപയ്ക്ക് മുതൽ ജീന്‍സുകളുമെല്ലാം ലഭ്യമാണ്.
2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 7590 കോടി രൂപയാണ് വിശാല്‍ മെഗാമാര്‍ട്ടിന്റെ വരുമാനം. ലാഭം 320 കോടി രൂപയും.