
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്യുകയാണെന്ന ആരോപണവുമായി അധികൃതർ. യു.എസ് ഉപരോധത്തിന്റെ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്ന് കേന്ദ്രസർക്കാറിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
റഷ്യയിൽ നിന്നും ഓയിൽ ശേഖരിച്ചതിന് ശേഷം ഗുജറാത്തിലെ തുറമുഖത്തിലെത്തിച്ച് ശുദ്ധീകരിച്ച് യു.എസിലേക്ക് കയറ്റുമതി ചെയ്യുകയാണെന്ന് യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പറഞ്ഞതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണർ മൈക്കിൾ പാത്ര പറഞ്ഞു.
യുക്രെയ്നിൽ അധിനിവേശം നടത്തിയതിനെ തുടർന്നാണ് യു.എസ് റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയത്. തുടർന്ന് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ, റിഫൈൻഡ് ഓയിൽ, കൽക്കരി, ഗ്യാസ് എന്നിവക്കെല്ലാം യു.എസ് നിരോധനം ഏർപ്പെടുത്തിയിരുന്നു. അതേസമയം, വിവാദങ്ങളോട് ഇതുവരെ പ്രതികരിക്കാൻ ഡൽഹിയിലെ യു.എസ് എംബസി തയാറായിട്ടില്ല.