
ന്യൂഡല്‍ഹി: യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആര്‍) പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് ഇന്ത്യയിലെത്തുമെന്ന് അഡീഷണല്‍ കൊമേഴ്സ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അറിയിച്ചു. വ്യാപാര ചര്‍ച്ചകളല്ല, മറിച്ച് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ് ലക്ഷ്യം. ദക്ഷിണ, മധ്യേഷ്യയിലെ അസിസ്റ്റന്റ് യുഎസ് ട്രേഡ് പ്രതിനിധിയാണ് ബ്രെന്‍ഡന്‍ ലിഞ്ച്.
മേഖലയില്‍ യുഎസ് വ്യാപാര നയം നടപ്പിലാക്കുന്നതിനും യുഎസ്-ഇന്ത്യ ട്രേഡ് പോളിസി ഫോറത്തിന്റെ (ടിപിഎഫ്) മാനേജ്മെന്റിനും മേല്‍നോട്ടം വഹിക്കുന്നു. ലിഞ്ച് മുമ്പ് യുഎസ്ടിആറിന്റെ ഇന്ത്യയിലെ ഡയറക്ടറായിരുന്നു. കൂടാതെ ഏജന്‍സിയുടെ കാര്‍ഷിക കാര്യ ഓഫീസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര വേദികളില്‍ യുഎസ് കാര്‍ഷിക വ്യാപാര താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു.
യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ ഇന്റര്‍നാഷണല്‍ ട്രേഡ് അനലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഎസ് കയറ്റുമതിയെ ബാധിക്കുന്ന വ്യാപാര തടസ്സങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും യുഎസ്ടിആറിനും ഉപദേശം നല്‍കുകയും ചെയ്യുന്നു.
യുഎസ് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇന്ത്യയുടെ കാര്‍ഷിക,ക്ഷീര വിപണി തങ്ങള്‍ക്ക് തുറന്നുതരണമെന്നാണ് യുഎസ് ആവശ്യം. എന്നാല്‍ കര്‍ഷകരുടെ താല്‍പര്യം മാനിച്ച് ഇന്ത്യ അതിന് തയ്യാറാകുന്നില്ല.