
കൊച്ചി: കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡിന്റെ (ഹില്‍ ഇന്ത്യ) എറണാകുളം ഉദ്യോഗമണ്ഡലിലെ പ്ലാന്റ് അടച്ചുപൂട്ടാൻ കേന്ദ്രം ഒരുങ്ങുന്നു.
നിതി ആയോഗിന്റെ ശുപാർശ പ്രകാരമാണിത്. ഹില്‍ ഇന്ത്യയുടെ പഞ്ചാബിലെ ഭട്ടിന്‍ഡ പ്ലാന്റും അടച്ചുപൂട്ടാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കീടനാശിനി നിര്‍മ്മാണസ്ഥാപനമാണ് ഹില്‍ ഇന്ത്യ. 1956ലാണ് തുടക്കം.
വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി അടുത്തിടെ വളം നിര്‍മ്മാണത്തിലേക്കും കടന്നിരുന്നു. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റ് പിന്നീട് പ്രതിസന്ധിയിലാവുകയായിരുന്നു.
അടച്ചുപൂട്ടല്‍ തീരുമാനത്തിന് മുന്നോടിയായി നിരവധി ജീവനക്കാരെ മുംബൈയിലെ മുഖ്യ യൂണിറ്റിലേക്ക് സ്ഥലംമാറ്റി.
ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം നിരവധി ജീവനക്കാര്‍ക്ക് ശമ്പളം അഞ്ചുമാസത്തിലേറെയായി കുടിശികയാണ്. പ്ലാന്റ് അടച്ചുപൂട്ടുന്നതിന് പകരം കൊച്ചിയില്‍ തന്നെയുള്ള കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫാക്ടുമായി ലയിപ്പിക്കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉയര്‍ത്തിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.
പ്ലാന്റ് പൂട്ടുന്നതിന് പകരം പുനരുജ്ജീവനത്തിന് മറ്റ് വഴികള്‍ തേടണമെന്ന് ആവശ്യപ്പെട്ട് എച്ച്.ഐ.എല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേന്ദ്ര വളം മന്ത്രി മന്‍സൂഖ് മാണ്ഡവ്യയ്ക്കും സഹമന്ത്രി ഭഗ്‌വന്ത് ഖുബയ്ക്കും നിവേദനം നല്‍കിയെങ്കിലും പരിഗണിച്ചില്ല.
പ്ലാന്റ് അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്ന് സംസ്ഥാന വ്യവസായമന്ത്രി പി. രാജീവും നേരത്തേ പ്രതികരിച്ചിരുന്നു.