അബുദാബി: വ്യവസായ, നിക്ഷേപ നിയമങ്ങളിൽ ഇളവു നൽകിയ ഗൾഫ് രാജ്യങ്ങളുടെ നീക്കം വിജയത്തിലേക്ക്. പുതിയ പദ്ധതികളിൽ 33% വളർച്ച നേടിയ യുഎഇ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ലോകരാജ്യങ്ങളിൽ രണ്ടാമതെത്തി.
കഴിഞ്ഞ വർഷം മാത്രം 11200 കോടി ദിർഹത്തിന്റെ നിക്ഷേപമാണു വിദേശത്തു നിന്നെത്തിയത്. 1323 പുതിയ പദ്ധതികൾ പുതുതായി ആരംഭിച്ചതോടെ കമ്പനികൾ 10.21 ലക്ഷമായി ഉയർന്നു.
മൊത്തം ആഭ്യന്തര ഉൽപാദന വളർച്ചയിൽ ലോകത്ത് അഞ്ചാമത് എത്താനും കഴിഞ്ഞു.
പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നിബന്ധനകളും ചട്ടങ്ങളും ഒഴിവാക്കി സൗദിയും കുതിക്കുകയാണ്.
പുതിയ നിയമ പ്രകാരം ലൈസൻസുകൾ, മുൻകൂർ അനുമതികൾ എന്നിവ ഗണ്യമായി കുറച്ചു. വ്യവസായങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി തയാറാക്കേണ്ട രേഖകളുടെ എണ്ണം കുറച്ചതിനൊപ്പം ഉദ്യോഗസ്ഥ ഇടപെടലുകളും നാമമാത്രമായി.