
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്വേർ നടപ്പാക്കാനുള്ള സർക്കാർ പദ്ധതി സി.പി.എം. നിയന്ത്രണത്തിലുള്ള ദിനേശ് സഹകരണസംഘത്തെ ഏല്‍പ്പിച്ചേക്കും. 206.46 കോടിരൂപയുടെ കരാർ നേരത്തേ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസിന് (ടി.സി.എസ്.) നല്‍കി സർക്കാർ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍, കരാർ ഒപ്പുവെക്കുന്നത് വൈകി. ചെലവ് കൂടിയത് ചൂണ്ടിക്കാട്ടി പദ്ധതി ഏറ്റെടുക്കുന്നതിനുള്ള വൈമനസ്യം ടി.സി.എസ്. സർക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കരാർ റദ്ദാക്കി ബദല്‍ മാർഗം സഹകരണവകുപ്പ് ആലോചിച്ചത്.
സംസ്ഥാനത്തെ മൊത്തം സഹകരണബാങ്കുകള്‍ക്കും സേവനം ഉറപ്പാക്കുന്നതിന് ദിനേശിന് കഴിയുമോയെന്നതില്‍ സഹകരണവകുപ്പിന് സംശയമുണ്ട്. അതിനാല്‍, ദിനേശിനെയും ഊരാളുങ്കലിനെയും സേവനദാതാക്കളാക്കി സംയുക്ത ഏജൻസിക്ക് കരാർ നല്‍കാനും ആലോചിക്കുന്നുണ്ട്. പ്രാഥമികചർച്ച നടന്നുകഴിഞ്ഞു.
ദിനേശ് സഹകരണസംഘത്തിന് ഐ.ടി. വിഭാഗമുണ്ട്. ഇവരുടെ സോഫ്റ്റ്വേർ പല ബാങ്കുകളും ഉപയോഗിക്കുന്നുണ്ട്. ടെൻഡർ വിളിക്കാതെ പുതിയ ഏജൻസിയെ എങ്ങനെ നിശ്ചയിക്കുമെന്നതില്‍ ആശയക്കുഴപ്പമുണ്ട്.
സർക്കാർ പദ്ധതി ടെൻഡറില്ലാതെ ഏറ്റെടുക്കാനാവുന്ന അക്രഡിറ്റഡ് ഏജൻസിയാണ് ഊരാളുങ്കല്‍. അതിനാല്‍, അവർക്ക് കരാർ നല്‍കാനാകുമെന്നാണ് സഹകരണവകുപ്പ് കണക്കാക്കുന്നത്.
അതേസമയം, ഊരാളുങ്കലിന്റെ സൈബർ സ്ഥാപനം, പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ്. ഇതിനുള്ള കരാർ അക്രഡിറ്റഡ് ഏജൻസിയുടെ പരിധിയില്‍ ഉള്‍പ്പെടുമോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് കേന്ദ്രസർക്കാർ ഏകീകൃത സോഫ്റ്റ്വേർ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കേരളത്തിന് സൗജന്യമായാണ് ലഭിക്കുക. അതിന്റെ ഭാഗമാകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.