
ന്യൂഡല്‍ഹി: ഓഹരി വിഭജനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ടിഡി പവര്‍ സിസ്റ്റംസ് ഓഹരി ചൊവ്വാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചു. 6.5 ശതമാനം ഉയര്‍ന്ന് 612.55 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 618.15 രൂപയുടെ ഇന്‍ട്രാ ഡേ ഉയരം കൈവരിക്കാനും സ്റ്റോക്കിനായി.
1:5 എന്ന അനുപാതത്തില്‍ ഓഹരി വിഭജനം പൂര്‍ത്തിയാക്കാനാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുള്ളത്. 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കപ്പെടും. റെക്കോര്‍ഡ് തീയതി വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
രാജ്യത്തെ പ്രമുഖ എസി ജനറേറ്റര്‍ നിര്‍മ്മാതാക്കളായ ടിഡി പവര്‍ സിസ്റ്റംസ് ജൂണിലവസാനിച്ച പാദത്തില്‍ 21.149 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ അറ്റാദായം 10.38 കോടി രൂപമാത്രമായിരുന്നു. മൊത്തം വരുമാനം 165.41 കോടി രൂപയില്‍ നിന്നും 211.06 കോടി രൂപയാക്കി ഉയര്‍ത്താനും കമ്പനിയ്ക്കായി.