
തിരുവനന്തപുരം: പ്രാഥമിക സഹകരണബാങ്കുകളില് സാമ്പത്തികക്രമക്കേടുകള് റിപ്പോര്ട്ടുചെയ്യുന്ന പശ്ചാത്തലത്തില് കേരളബാങ്കിന് നബാര്ഡ് കര്ശന നിബന്ധനകള് ഏര്പ്പെടുത്തി.
തട്ടിപ്പുനടന്ന പ്രാഥമിക സഹകരണബാങ്കുകള്ക്ക് കേരളബാങ്ക് നല്കുന്ന വായ്പ ‘നഷ്ട’മായി കണക്കാക്കണമെന്നാണ് നിര്ദേശം. നല്കിയ വായ്പയ്ക്ക് തുല്യമായ തുക കേരളബാങ്ക് ‘കരുതല്’ ആയി മാറ്റിവെക്കണം.
ഇത്തരം നിബന്ധനകള് കര്ശനമാക്കി നബാര്ഡ് ഓഡിറ്റ് പൂര്ത്തിയാക്കിയപ്പോള് പ്രവര്ത്തനലാഭത്തിലായിരുന്ന കേരളബാങ്ക് 190 കോടിയിലധികം നഷ്ടത്തിലായി.
കരുവന്നൂര്, പുല്പള്ളി, കണ്ടല എന്നീ സഹകരണബാങ്കുകള്ക്ക് നല്കിയ വായ്പയാണ് നബാര്ഡ് ‘നഷ്ട’ വിഭാഗത്തില് ഉള്പ്പെടുത്തിയത്. ഈ മൂന്നുബാങ്കുകള്ക്കുമായി 92 കോടിരൂപയാണ് കേരളബാങ്ക് വായ്പ നല്കിയത്.
ഇതില് കണ്ടല സഹകരണബാങ്ക് മാത്രമാണ് തിരിച്ചടവ് മുടക്കിയിട്ടുള്ളത്. കരുവന്നൂര്, പുല്പള്ളി ബാങ്കുകള് കേരളബാങ്കിന് നിഷ്ക്രിയ ആസ്തി വരാത്തവിധം വായ്പ തിരിച്ചടയ്ക്കുന്നുണ്ട്.
സംസ്ഥാനത്ത് 140 സഹകരണസംഘങ്ങളില് ഗുരുതര സാമ്പത്തികക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയില് കണ്ടെത്തിയത്. ഇവയില് പലസംഘങ്ങളും കേരളബാങ്കില്നിന്ന് വായ്പ എടുത്തവയുമാണ്.
പ്രാഥമിക സഹകരണബാങ്കുകളുടെ അപ്പെക്സ് ബാങ്കാണ് കേരളബാങ്ക്. നിക്ഷേപത്തിന്റെ 20 ശതമാനം റിസര്വായി മാറ്റിവെച്ചശേഷമാണ് പ്രാഥമിക സഹകരണബാങ്കുകള് വായ്പ നല്കേണ്ടത്. കേരളബാങ്കില് നല്കിയ നിക്ഷേപം മാത്രമല്ല,
കാഷ് ക്രഡിറ്റുപോലുള്ള വായ്പകളും പ്രാഥമികബാങ്കുകളുടെ റിസര്വായാണ് പരിഗണിക്കുന്നത്.
നബാര്ഡിന്റെ പുതിയ വ്യവസ്ഥയനുസരിച്ച് ഇത്തരം വായ്പയനുവദിക്കുന്നതിന് വിലക്കുവരും. സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണസംഘങ്ങള് കേരളബാങ്ക് വഴി വായ്പയെടുത്താണ് അത് മറികടക്കുന്നത്.
നഷ്ടത്തിലായ സംഘങ്ങള്ക്ക് വായ്പ കൊടുക്കുന്നതിനും നിയന്ത്രണമുണ്ട്. ഒരു സഹകരണസംഘത്തിന്റെ ഓഹരിയും കരുതല്ധനവും ചേര്ത്തുള്ള തുകയെക്കാള് കൂടുതല് അതിന്റെ നഷ്ടം വന്നാല് അത്തരം സംഘങ്ങള്ക്ക് വായ്പ നല്കരുതെന്നാണ് നിര്ദേശം.
ഇങ്ങനെ നല്കുന്ന വായ്പയ്ക്കും തുല്യമായ തുക കേരളബാങ്ക് കരുതല്വെക്കണം. സര്ക്കാര് ഗാരന്റിയില്ലാത്ത വായ്പകള് കുടിശ്ശികയായാലും നഷ്ടവിഭാഗത്തില് ഉള്പ്പെടുത്തും.