
മുംബൈ: ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ സ്റ്റാന്‍ലി ലൈഫ്‌സ്റ്റൈല്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്നലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തു. 35.23 ശതമാനം പ്രീമിയത്തോടെയാണ് ഈ ഓഹരി ഇന്നലെ വ്യാപാരം തുടങ്ങിയത്.
369 രൂപ ഐപിഒ വിലയുണ്ടായിരുന്ന സ്റ്റാന്‍ലി ലൈഫ്‌സ്റ്റൈല്‍സ് 499 രൂപയിലാണ് ഇന്നലെ ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തത്. ജൂണ്‍ 21 മുതല്‍ 25 വരെയായിരുന്നു കമ്പനിയുടെ ഐപിഒ.
ഗ്രേ മാര്‍ക്കറ്റില്‍ ഈ ഓഹരിക്ക് 46 ശതമാനം പ്രീമിയമുണ്ടായിരുന്നു. അത്രത്തോളം നേട്ടം
ലിസ്റ്റംഗില്‍ കൈവരിക്കാനായില്ല. 509.40 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. മികച്ച പ്രതികരണമാണ് നിക്ഷേകരില്‍ നിന്നും ഈ ഐപിഒയ്‌ക്ക് ലഭിച്ചിരുന്നത്. 97.16 മടങ്ങാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
രണ്ട് രൂപ മുഖവിലയുള്ള 40 ഓഹരികള്‍ ഉള്‍പ്പെട്ടതായിരുന്നു സ്റ്റാന്‍ലി ലൈഫ്‌സ്റ്റൈല്‍സിന്റെ ഐപിഒയുടെ ഒരു ലോട്ട്. 537 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിച്ചത്. 200 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 337 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ് എസ്) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക പുതിയ സ്റ്റോറുകള്‍ തുറയ്‌ക്കുന്നതിനും നിലവിലുള്ള സ്റ്റോറുകള്‍ നവീകരിക്കുന്നതിനുമുള്ള ചെലവിനായും പുതിയ യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള പ്രവര്‍ത്തന മൂലധനത്തിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
2021-22ല്‍ 195.78 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം 2022-23ല്‍ 425.62 കോടി രൂപയായി ഉയര്‍ന്നു. ഇക്കാലയളവില്‍ ലാഭം 1.44 കോടി രൂപയില്‍ നിന്നും 33.05 കോടി രൂപയായി ഉയര്‍ന്നു.