
മുംബൈ: മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള ഇന്ത്യക്കാരുടെ പണമയക്കല്‍ ജൂണില്‍ 35ശതമാനം പ്രതിമാസ വര്‍ദ്ധനവ് രേഖപ്പെടുത്തി. 2022 ജൂണുമായി താരതമ്യം ചെയ്യുമ്പോള്‍ 96 ശതമാനമാണ് ഉയര്‍ച്ച. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്) കീഴിലുള്ള ഫണ്ട് ഒഴുക്ക് ജൂണില്‍ 3.89 ബില്യണ്‍ ഡോളറായി (32,000 കോടി രൂപ) ഉയരുകയായിരുന്നു.
2022 ജൂണില്‍ എല്‍ആര്‍എസ് ഒഴുക്ക് വെറും 1.98 ബില്യണ്‍ ഡോളറായിരുന്നു (16,430 കോടി രൂപ).റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകള്‍. ഇക്വിറ്റി / ഡെറ്റ് നിക്ഷേപം, സ്ഥാവര വസ്തുക്കള്‍ വാങ്ങല്‍, വിദേശ നിക്ഷേപം, വിദേശത്തുള്ള ബന്ധുക്കളുടെ പരിപാലനം എന്നീ വിഭാഗങ്ങളിലെ വര്‍ദ്ധനവാണ് മൊത്തം എല്‍ആര്‍എസ് റെമിറ്റന്‍സില്‍ പ്രതിഫലിച്ചത്.
കൂടാതെ, എല്‍ആര്‍എസ് റെമിറ്റന്‍സിന് ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സ് (ടിസിഎസ്) നടപ്പാക്കുന്നത് സര്‍ക്കാര്‍ ഒക്ടോബര്‍ 1 ലേയ്ക്ക് മാറ്റി. ഇതും പണമൊഴുക്ക് വര്‍ദ്ധിപ്പിച്ചു. വിദേശത്ത് സ്ഥാവര വസ്തുക്കള്‍ വാങ്ങുന്നതിനുള്ള പണമയയ്ക്കല്‍ 45.85 മില്യണ്‍ ഡോളറാണ്.
116 ശതമാനം വര്‍ദ്ധന. ഇക്വിറ്റിയും ഡെബ്റ്റും വാങ്ങുന്നതിന് 314.73 മില്യണ്‍ ഡോളര്‍ അയച്ചു. 194.66 ശതമാനത്തിന്റെ പ്രതിമാസ ഉയര്‍ച്ചയാണിത്.
ബന്ധുക്കളുടെ പരിപാലനത്തിനായി അയയ്ക്കുന്ന പണം 890.89 മില്യണ്‍ ഡോളറായപ്പോള്‍ സമ്മാന തുക 64.81 ശതമാനമുയര്‍ന്ന് 890.89 മില്യണ്‍ ഡോളറും യാത്രാ ഇനത്തിലുള്ള തുക 1.495 ബില്യണ്‍ ഡോളറുമാണ്. ബന്ധുക്കള്‍ക്കയച്ച തുകയില്‍ 81.54 ശതമാനം വര്‍ദ്ധനവാണുണ്ടായത്. അതേസമയം യാത്ര ഇനത്തിലുള്ള തുക 1.482 ബില്യണ്‍ ഡോളറില്‍ നിന്നും കുറഞ്ഞു.
എല്‍ആര്‍എസിന് കീഴില്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ എല്ലാ താമസക്കാര്‍ക്കും റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതിവര്‍ഷം 250,000 യുഎസ് ഡോളര്‍ (ഏകദേശം 2.07 ലക്ഷം കോടി രൂപ) വിദേശത്തേക്ക് അയയ്ക്കാന്‍ കഴിയും.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എല്‍ആര്‍എസിന് കീഴിലുള്ള പണമയയ്ക്കല്‍ 91.98 ബില്യണ്‍ ഡോളറാണ് (763,400 കോടി രൂപ).2022-23 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി ഒഴുക്ക് പ്രതിമാസം 2.261 ബില്യണ്‍ ഡോളറായിരുന്നു.
മൊത്തത്തില്‍, ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍, പുറത്തേക്കുള്ള പണമയക്കല്‍ 9.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് 2023 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം തുകയുടെ മൂന്നിലൊന്നാണ്.