
ന്യൂഡൽഹി: വോയ്സ് കോൾ, ഡാറ്റ, എസ്എംഎസ് എന്നിവയ്ക്കായി പ്രത്യേക റീചാർജ് പ്ലാനുകൾ നൽകുന്നതിനെക്കുറിച്ച് പരിശോധിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI). ഇതിന്റെ അവലോകനവുമായി ബന്ധപ്പെട്ടുള്ള കൺസൾട്ടേഷൻ പേപ്പർ വെള്ളിയാഴ്ച പുറത്തിറക്കിയതായും ട്രായ് അറിയിച്ചു.
സ്പെഷ്യൽ താരിഫ് വൗച്ചറുകൾ (STV), കോംബോ വൗച്ചറുകൾ (CV) എന്നിവയ്ക്കായി പരമാവധി വാലിറ്റിഡിറ്റിയുള്ള പ്ലാനുകൾ നൽകുന്നതിനെക്കുറിച്ചും ട്രായ് പരിശോധിച്ചുവരികയാണ്. ഇവയ്ക്ക് ലഭിക്കുന്ന 90 ദിവസത്തെ വാലിഡിറ്റി പരിധി പരിഷ്കരിക്കാൻ ആണ് ലക്ഷ്യമിടുന്നത്.
ഡാറ്റ, വോയ്‌സ്, എസ്എംഎസ് എന്നീ സേവനങ്ങൾ ഉൾപ്പെടെയുള്ള ബണ്ടിൽഡ് പ്ലാനുകൾ നിരവധിയുണ്ടെങ്കിലും ചില ഉപഭോക്താക്കൾ അവർ ഉപയോഗിക്കാത്ത സേവനങ്ങൾക്കായി പണം നൽകേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും കൺസൾട്ടേഷൻ പേപ്പറിൽ ചൂണ്ടിക്കാട്ടി.
“നിലവിലെ താരിഫ് ഓഫറുകൾക്ക് പുറമേ വോയ്സ്, എസ്എംഎസ്, ഡാറ്റ എന്നിവ പ്രത്യേകവും, ഒരുമിച്ചുമുള്ളതുമായ താരിഫ് ഓഫറുകൾ അവതരിപ്പിക്കേണ്ടതിൻ്റെ ആവശ്യകത അവലോകനം ചെയ്യാനും നിലവിലെ താരിഫ് റെഗുലേറ്ററി ചട്ടക്കൂടിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ആലോചിക്കുന്നു, ” ട്രായ് വ്യക്തമാക്കി.
കൂടാതെ ടെലികോം സേവനങ്ങളുടെ ബണ്ടിൽ ഓഫർ ഓരോരുത്തർക്കും ഇഷ്ടാനുസൃതമായി ടെലികോം താരിഫ് സബ്‌സ്‌ക്രിപ്‌ഷൻ തിരഞ്ഞെടുക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന ധാരണയും ഉപയോക്താക്കള്‍ക്കിടയില്‍ ഉണ്ടെന്ന് ട്രായ് പറയുന്നു.
സ്പെഷ്യൽ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും വാലിഡിറ്റി നിലവിലെ 90 ദിവസത്തെ പരിധിക്കപ്പുറം നീട്ടുന്നതിന് വിവിധ മൊബൈൽ കമ്പനികളിൽ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ട്രായ് കൂട്ടിച്ചേർത്തു.
ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും മൊബൈൽ കമ്പനികൾക്കും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ ഓഗസ്റ്റ് 16 വരെ സമയവും അനുവദിച്ചിട്ടുണ്ട്.