
മുംബൈ: ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 11,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്‌ബിഐ) ബോർഡിന്റെ അനുമതി ലഭിച്ചു. 2023 സാമ്പത്തിക വർഷത്തിൽ യൂഎസ്ഡി/ഐഎൻആർ, അല്ലെങ്കിൽ മറ്റേതെങ്കിലും കൺവേർട്ടിബിൾ കറൻസിയിൽ ബേസിൽ lll കംപ്ലയിന്റ് ഡെറ്റ് ഇൻസ്ട്രുമെന്റ് ഇഷ്യൂ ചെയ്യുന്നതിലൂടെ മൂലധനം സമാഹരിക്കാൻ ജൂലൈ 20 ന് ചേർന്ന ബാങ്കിന്റെ സെൻട്രൽ ബോർഡ് യോഗം അംഗീകാരം നൽകി. ആസ്തി വലുപ്പത്തിന്റെയും ഉപഭോക്തൃ അടിത്തറയുടെയും അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്‌ബിഐ ഗവൺമെന്റിന്റെ സമ്മതത്തിന് വിധേയമായി പുതിയ അഡീഷണൽ ടയർ 1 (AT1) മൂലധനം 7,000 കോടി രൂപ വരെ സമാഹരിക്കാൻ പദ്ധതിയിടുന്നു.
കൂടാതെ, പുതിയ ടയർ 2 മൂലധനം 4,000 കോടി രൂപ വരെ സമാഹരിക്കാനും വായ്പ ദാതാവ് പദ്ധതിയിടുന്നു. ബിഎസ്ഇയിൽ എസ്ബിഐയുടെ ഓഹരികൾ 2.13 ശതമാനം ഉയർന്ന് 508.60 രൂപയിലെത്തി.