
2023ൽ ഇന്ത്യയിൽ എന്ത് മാറ്റമുണ്ടായാലും ഇന്ത്യൻ സമ്പന്നരുടെ പട്ടികയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. കേട്ട് പരിചയിച്ച പേരുകൾ തന്നെയാണ് ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ഇത്തവണയുമുള്ളത്.
അതേസമയം കൂടുതൽ ശതകോടീശ്വരന്മാരായ ഇന്ത്യക്കാരുണ്ടായ വർഷമാണ് 2023. ഫോബ്‌സിന്റെ 2023-ലെ ലോക ശതകോടീശ്വരൻമാരുടെ പട്ടികയിൽ 169 ഇന്ത്യക്കാരാണ് സ്ഥാനം പിടിച്ചത്.
ഇത് മുൻവർഷത്തേക്കാൾ വർധനവാണ്. ഫോർബ്‌സിന്റെ റിയൽടൈം ബില്യണയർ റാങ്കിംഗ് അടിസ്ഥാനമാക്കി ഇന്ത്യയിലെ 10 സമ്പന്നരായ വ്യക്തികൾ ആരെല്ലാമെന്ന് നോക്കാം.
മുകേഷ് അംബാനി
66 കാരനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനിയാണ് പട്ടികയിലെ ഒന്നാമന്‍. 98 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി മൂല്യം. രണ്ടാം സ്ഥാനക്കാരനെക്കാള്‍ 20 ബില്യണ്‍ ഡോളറിന്റെ വ്യത്യാസം അംബാനിക്കുണ്ട്.
പെട്രോകെമിക്കല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, റീട്ടെയില്‍, ടെലികോം എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന വൈവിധ്യമാര്‍ന്ന ബിസിനസ് സാമ്രാജ്യമാണ് അംബാനിയുടേത്.
ഗൗതം അദാനി
മുകേഷ് അംബാനിക്ക് ശേഷം രണ്ടാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ്. 74.3 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ നിലവിലെ ആസ്തിയുടെമൂല്യം. 2022 ല്‍ 90 ബില്യണ്‍ ഡോളറായിരുന്നു അദ്ദേഹത്തിന്‍ ആസ്തിയുടെ മൂല്യം.
വിവാദങ്ങളെ തുടര്‍ന്നാണ് ഇടിവ് വന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പോര്‍ട്ട് ഓപ്പറേറ്റര്‍, എയര്‍പോര്‍ട്ട്, പവര്‍ ജനറേഷന്‍, ഗ്രീന്‍ എനര്‍ജി തുടങ്ങിയ വൈവിധ്യമാര്‍ന്ന ബിസിനസുകളാണ് അദാനിയുടെ വരുമാന സ്രോതസ്.
ശിവ നാടാര്‍
ഇന്ത്യന്‍ ഐടി രംഗത്തെ തുടക്കകാരിലൊരാളാണ് എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ നാടാര്‍. 33.9 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി മൂല്യം. എച്ച്‌സിഎല്‍ എന്റര്‍പ്രൈസിലുള്ള ഉടമസ്ഥാവകാശമാണ് അദ്ദേഹത്തിന്റെ വരുമാന സ്രോതസ്.
2020തില്‍ എച്ച്‌സിഎല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച അദ്ദേഹം ചെയര്‍മാന്‍ എമിരിറ്റീസ് എന്ന പദവിയും സ്ട്രാറ്റജിക് അഡൈ്വവര്‍ പദവിയും വഹിക്കുന്നു.
സാവിത്രി ജിൻഡാൽ
ജിൻഡാൽ ഗ്രൂപ്പിന്റെ സ്ഥാപകൻ ഓം പ്രകാശ് ജിൻഡാലിന്റെ ഭാര്യ സാവിത്രി ജിൻഡാലാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. 73കാരിയായ സാവിത്രി ജിൻഡാൽ ഒപി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ എന്ന നിലയ്ക്ക് 29.8 ബില്യൺ ഡോളറിന്റെ ആസ്തി കയ്യിലുണ്ട്.
സ്റ്റീൽ, വൈദ്യുതി, സിമന്റ്, ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ നിന്നാണ് ജിൻഡാൽ ഗ്രൂപ്പിന്റെ വരുമാനം. 2005-ൽ ഒപി ജിൻഡാൽ ഹെലികോപ്റ്റർ അപകടത്തിൽ മണപ്പെട്ടതിനെ തുടർന്ന കമ്പനികൾ അദ്ദേഹത്തിന്റെ നാല് ആൺമക്കൾക്കിടയിൽ വിഭജിക്കപ്പെട്ടു.
ജിന്‍ഡാല്‍ ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ഗ്രൂപ്പ് കമ്പനികളുടെ ആസ്തിയാണ് പട്ടികയിലെത്തിച്ചത്.
സൈറസ് പൂനെവാല
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ സൈറസ് പൂനെവാല പട്ടികയിൽ അഞ്ചാമതാണ്. 82 കാരൻ 22.4 ബില്യൺ ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്.
ദിലീപ് ഷാങ്‌വി
ഫാർമ സെക്ടറിൽ നിന്നുള്ള ദിലീപ് ഷാങ്‌വി ഇന്ത്യൻ സമ്പന്നരിൽ ആറാമതുണ്ട്. 67 വയസുള്ള ദിലീപ് ഷാങ്‌വി സൺ ഫാർമസ്യൂട്ടിക്കലിന്റെ സ്ഥാപകനാണ്. അദ്ദേഹത്തിന്റെ ആസ്തി മൂല്യം 20.7 ബില്യൺ ഡോളറാണ്.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് ഫാർമ കമ്പനിയാണ് സൺ ഫാർമ. കമ്പനിയുടെ 5.1 ബില്യൺ ഡോളർ വാർഷിക വരുമാനത്തിന്റെ 65 ശതമാനവും വിദേശ വിപണിയിൽ നിന്നാണ്.
രാധാകിഷൻ ദമാനി
നിക്ഷേപകനും സംരംഭകനുമായ രാധാകിഷൻ ദമാനിയുടെ ആസ്തി മൂല്യം 17.8 ബില്യൺ ഡോളറാണ്. ഡീമാർട്ട് എന്ന റീട്ടെയിൽ സ്റ്റോറിലൂടെയും ഓഹരി വിപണി നിക്ഷേപത്തിലൂടെയുമാണ് ദമാനിയുടെ വരുമാനം.
അവന്യൂ സൂപ്പർമാർട്ട് ലിമിറ്റഡിന് കീഴിൽ 200ലധികം റീട്ടെയിൽ സ്റ്റോറുകൾ ഡീമാർട്ടിനുണ്ട്.
കുമാർ മംഗളം ബിർള
ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാനുമായ കുമാർ മംഗളം ബിർളയുടെ ആസ്തി 19.3 ബില്യൺ ഡോളറാണ്.
56 കാരനായ കുമാർ ബിർള സിമന്റ്, ടെക്സ്റ്റൈൽസ്, അലുമിനിയം, ടെലികോം, ഫിനാൻഷ്യൽ സർവീസ്, പെയിന്റ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ ബിസിനസുള്ള ആദിത്യ ബിർള ഗ്രൂപ്പിനെ നയിക്കുന്നു.
ലക്ഷ്മി മിത്തൽ
73കാരനായ ലക്ഷ്മി മിത്തലിന്റെ വരുമാനത്തിന് പിന്നിൽ ഉരുക്കാണ്. ഏറ്റെടുക്കലുകളിൽ തന്ത്രപരമായ മിടുക്ക് പ്രകടിപ്പിക്കുന്ന അദ്ദേഹം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമാണ കമ്പനിയുടെ അധ്യക്ഷനാണ്.
2006ൽ ലക്സംബർഗ് ആസ്ഥാനമായുള്ള മൾട്ടിനാഷണൽ സ്റ്റീൽ നിർമാണ കമ്പനിയായ ആർസെലർ കമ്പനിയെ മിത്തൽ സ്റ്റീൽ ഏറ്റെടുത്ത് ലയിപ്പിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമാണ കമ്പനിയായ ആർസെലർ മിത്തൽ ചെയർമാന്റെ ആസ്തി മൂല്യം 17.4 ബില്യൺ ഡോളറാണ്.
കൊട്ടക് മഹീന്ദ്ര
കൊട്ടക് മഹീന്ദ്ര ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഉദയ് കൊട്ടക് 13.9 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ബിസിനസുകാരനാണ്.
എന്തുകൊണ്ട് രത്തൻ ടാറ്റയില്ല
ടാറ്റ സൺസ്, ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ് എന്നിവയുടെ ചെയർമാൻ എമിരിറ്റസ് എന്ന ബഹുമതിക്കൊപ്പം ടാറ്റ ട്രസ്റ്റ് ചെയർമാനുമാണ് രത്തൻ ടാറ്റ. പക്ഷെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ല.
ടാറ്റ സൺസിന്റെ ഇക്വിറ്റിയുടെ 66 ശതമാനവും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണെന്നതാണ് കാരണം. കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഡിവിഡന്റുകളും കമ്പനി നേരിട്ട് ടാറ്റ ട്രസ്റ്റിലേക്ക് എത്തുന്നു.






