ദില്ലി: ഈ വർഷം മാത്രം രാജ്യത്തിന്‍റെ ഖജനാവിലേക്ക് നൽകിയത് 1.86 ട്രില്യണ്‍ രൂപയുടെ വരുമാനമെന്ന് റിലയന്‍സ്. 2023-24 സാമ്പത്തിക വർഷത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കുള്ള റിലയന്‍സിന്റെ വിഹിതം 1.86 ട്രില്യണ്‍ രൂപയായി ഉയര്‍ന്നുവെന്നാണ് കമ്പനി പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
തുടര്‍ച്ചയായി ആറാം വര്‍ഷവും ദേശീയ ഖജനാവിലേക്കുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിയെന്നും അവർ വിവരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിന് വരുമാനമായി നല്‍കിയത് 10 ട്രില്യണ്‍ രൂപയാണെന്നും വാർഷിക റിപ്പോർട്ടിൽ പറയുന്നുണ്ട്.
രാഷ്ട്ര നിര്‍മ്മാണത്തിനായി ഇത്രയും വലിയ സംഭാവന നല്‍കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി. ദേശീയ ഖജനാവിലേക്ക് ഏറ്റവും വലിയ സംഭാവന നല്‍കുന്ന കമ്പനികളില്‍ രാജ്യത്ത് മുന്‍നിരയിലുണ്ട് മുകേഷ് അംബാനി നയിക്കുന്ന ബിസിനസ് ഗ്രൂപ്പ്.
ദേശീയ ഖജനാവിലേക്കുള്ള റിലയന്‍സിന്റെ വിഹിതം 2023 സാമ്പത്തിക വര്‍ഷത്തില്‍ 177,173 കോടി രൂപയില്‍ നിന്നാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ 186,440 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു എന്നാണ് കമ്പനി പറയുന്നത്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ, അതായത് 2018 സാമ്പത്തിക വര്‍ഷം മുതല്‍ 2024 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിലേക്ക് വിവിധ നികുതിയനങ്ങളിലായി നല്‍കിയ വരുമാനം 10 ലക്ഷം കോടി രൂപ കവിഞ്ഞെന്നും വിവരിച്ചിട്ടുണ്ട്.
2018 സാമ്പത്തിക വര്‍ഷത്തില്‍ 86,942 കോടി രൂപയാണ് റിലയന്‍സ് നല്‍കിയത്. ഇത് 2019 സാമ്പത്തിക വര്‍ഷത്തില്‍ 1,16,251 കോടി രൂപയായും 2020 സാമ്പത്തിക വര്‍ഷത്തില്‍ 1,15,461 കോടി രൂപയായും 2021 സാമ്പത്തിക വര്‍ഷത്തില്‍ 1,35,468 കോടി രൂപയായും 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,88,012 കോടി രൂപയായുമായാണ് ഉയര്‍ന്നതെന്നും കണക്കുകൾ നിരത്തി റിലയൻസ് വിശദീകരിച്ചിട്ടുണ്ട്.