
മുംബൈ: നൂതന ജീൻ തെറാപ്പികളും വാക്സിനുകളും വികസിപ്പിക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനുമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 2,500 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ലൈഫ് സയൻസസ്. കമ്പനി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ഇത്.
ഈ നിക്ഷേപത്തിന്റെ ഭൂരിഭാഗവും നാസിക്കിലെ കമ്പനിയുടെ പുതിയ സൗകര്യത്തിനായി ഉപയോഗിക്കും. ബാക്കി തുക നവി മുംബൈയിലെ ബയോടെക് സ്ഥാപനത്തിനായി ചെലവഴിക്കും. കമ്പനി ഈ ബിസിനസ്സിൽ 2002 മുതൽ ഇതുവരെ 1,600 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
കൂടാതെ റിലയൻസ് ലൈഫ് സയൻസസ് അടുത്തിടെ അതിന്റെ കോവിഡ് വാക്‌സിന്റെ ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയിരുന്നു. ഇത് കമ്പനിയുടെ നവി മുംബൈ ഫെസിലിറ്റിയിലാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഗുരുതരമായ പരിചരണത്തിലുള്ള രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു പ്രമുഖ ബയോടെക്നോളജി കമ്പനിയാണ് റിലയൻസ് ലൈഫ് സയൻസസ്. കൂടാതെ ബയോസിമിലാർ ഉൽപ്പന്നങ്ങൾ, പ്ലാസ്മ പ്രോട്ടീനുകൾ, സങ്കീർണ്ണമായ മോണോക്ലോണൽ ആന്റിബോഡികൾ എന്നിവയും കമ്പനി നിർമ്മിക്കുന്നുന്നുണ്ട്.
നവി മുംബൈ കാമ്പസിന്റെ എട്ടിരട്ടി വലിപ്പമുള്ള നാസിക് കാമ്പസാണ് പ്ലാസ്മ പ്രോട്ടീനുകൾ, ബയോഫാർമസ്യൂട്ടിക്കൽസ്, ഓങ്കോളജി ഫാർമസ്യൂട്ടിക്കൽസ്, വാക്സിനുകൾ എന്നിവ നിർമ്മിക്കുന്നത്. ഇപ്പോൾ കടബാധ്യതയില്ലാത്ത കമ്പനി, സ്കെയിലിംഗ്, ബയോടെക്‌നോളജി മേഖലയിലെ ശരിയായ കഴിവുകൾ ആക്‌സസ് ചെയ്യൽ, ഫണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട് തുടക്കത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു.