
ന്യൂഡല്‍ഹി: അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ (യുസിബി) വര്‍ഗ്ഗീകരണത്തിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. മാത്രമല്ല,ബാങ്കുകളുടെ മൊത്തം മൂല്യവും മൂലധന പര്യാപ്തതയും സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുതുക്കാനും കേന്ദ്രബാങ്ക് തയ്യാറായി. ചട്ടക്കൂട് ഉടനടി പ്രാബല്യത്തില്‍ വരും.
വിശദാംശങ്ങളനുസരിച്ച്, യുസിബികള്‍ നാലായി തരംതിരിക്കപ്പെട്ടിരിക്കുന്നു- ടയര്‍ I, ടയര്‍ II, ടയര്‍3, ടയര്‍4. വൈവിദ്യം കണക്കിലെടുത്താണ് ഈ വര്‍ഗീകരണം. സാമ്പത്തിക സുദൃഡതയും ലക്ഷ്യമാണ്.
എല്ലാ യൂണിറ്റ് യുസിബികളും ശമ്പളം വാങ്ങുന്നവരുടെ യുസിബികളും (ഡെപോസിറ്റ് വലിപ്പം കണക്കിലെടുക്കാതെ) 100 കോടി വരെ നിക്ഷേപമുള്ളവയും ടയര്‍ വണ്ണിലാണ് പെടുക. 100-1000 കോടി വരെ നിക്ഷേപമുള്ളവ ടയര്‍-2 വും 1000-10000 കോടി രൂപ നിക്ഷേപമുള്ളവ ടയര്‍-3യുമാണ്. 10,000 കോടിയിലധികം നിക്ഷേപമുള്ളവയെ ടയര്‍ 4 ആക്കിയും മാറ്റി.
ഒരു വിഭാഗത്തിലുള്ള യുസിബി, പരിധിയില്‍ കൂടുതല്‍ നിക്ഷേപം സ്വീകരിക്കുകയാണെങ്കില്‍, ഉയര്‍ന്ന ടയറിലേയ്ക്ക് മാറും. മൂന്നുവര്‍ഷമാണ് മാറ്റം പൂര്‍ത്തീകരിക്കാന്‍ എടുക്കേണ്ടത്. മൊത്തം മൂല്യവും മൂലധന പര്യാപ്തത ആവശ്യകതകളും കേന്ദ്രബാങ്ക് മറ്റൊരു സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നു.
ഇത് പ്രകാരം, ഒരു ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ 1 യുസിബികള്‍ക്ക് കുറഞ്ഞത് 2 കോടി രൂപയുടെ ആസ്തി ഉണ്ടായിരിക്കണം. മറ്റെല്ലാ യുസിബികളുടേയും (ടയര്‍ 1, 2, 3 എന്നിവയില്‍) കുറഞ്ഞ ആസ്തി 5 കോടി രൂപയാണ്. കുറഞ്ഞ ആസ്തി ആവശ്യകത നിറവേറ്റാനാകാത്ത യുസിബികള്‍ ക്രമേണ അത് സ്വായത്തമാക്കണം.
നഷ്ട സാധ്യത ആസ്തികള്‍ക്ക് വേണ്ട കുറഞ്ഞ മൂലധന ആവശ്യകതയും ആര്‍ബിഐ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.