
മുംബൈ: റേഡിയന്റ് ക്യാഷ് മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡിന്റെ ത്രിദിന പ്രാരംഭ പബ്ലിക് ഓഫറിംഗ് (IPO) ഡിസംബര്‍ 23 ന് പബ്ലിക് സബ്സ്‌ക്രിപ്ഷനായി തുറക്കും. 60 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 3.31 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലു(ഒഎഫ്എസ്)മാണ് ഐപിഒയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഓഹരിയൊന്നിന് 94-99 രൂപയാണ് ഇഷ്യുവില.
ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക, മൂലധന ആവശ്യങ്ങള്‍ക്കും പ്രത്യേകമായി നിര്‍മ്മിച്ച കവചിത വാനുകള്‍ വാങ്ങുന്നതിനുംപൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കുമെന്ന് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പറയുന്നു.2005-ല്‍ സ്ഥാപിതമായ റേഡിയന്റ് ക്യാഷ് മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡ്, റീട്ടെയില്‍ ക്യാഷ് മാനേജ്മെന്റ് സേവനങ്ങളില്‍ വിപണി ലീഡറാണ്. ക്ലയന്റുകള്‍ക്ക് വേണ്ടി അന്തിമ ഉപയോക്താവില്‍ നിന്ന് പണം ശേഖരിക്കുന്നതും ഡെലിവറി ചെയ്യുന്നതും ഉള്‍പ്പടെ നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സംഘടിത റീട്ടെയില്‍, ഇ-കൊമേഴ്സ് കമ്പനികള്‍ എന്നിവരാണ് പ്രധാന ഉപഭോക്താക്കള്‍. ആക്സിസ് ബാങ്ക്, സിറ്റി ബാങ്ക്, ഡച്ച് ബാങ്ക് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവ ക്ലയ്ന്റുകളാണ്. ഒഎഫ്എസ് വഴി, പ്രൊമോട്ടര്‍ ഡേവിഡ് ദേവസഹായം 1.01 കോടി ഓഹരികളും അസന്റ് ക്യാപിറ്റല്‍ അഡൈ്വസേഴ്സ് ഇന്ത്യ 2.3 കോടി ഓഹരികളും ഓഫ്ലോഡ് ചെയ്യും.
ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ്, യെസ് സെക്യൂരിറ്റീസ് എന്നിവരാണ്ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ലിങ്ക് ഇന്‍ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രജിസ്ട്രാറാകുന്നു. 2023 ജനുവരി 4 ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടും.