
ന്യൂഡൽഹി: ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ്-സിഐഐ) കേന്ദ്ര സർക്കാർ പുറത്തുവിട്ടു.
2025-26 സാമ്പത്തിക വർഷത്തെ സൂചിക 376 ആണ്. മുൻവർഷത്തെ സിഐഐ 363 ആയിരുന്നു. 2023-24ലേതാകട്ടെ 348ഉം. ദീർഘകാല മൂലധന നേട്ടവും മൂലധന നഷ്ടവും കണക്കാക്കി നികുതി അടയ്ക്കുന്നതിനാണ് ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്. കാലകാലങ്ങളില്‍ പണപ്പെരുപ്പ നിരക്കുകള്‍ വിലയിരുത്തി ധനമന്ത്രാലയമാണ് സൂചികയിലെ നമ്പറുകള്‍ പരിഷ്കരിക്കുന്നത്.
വസ്തു, സ്വർണം, ഡെറ്റ് മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍നിന്നുള്ള മൂലധന നേട്ടം കണക്കാക്കാനാണ് ഈ സൂചിക ബാധകമായിരുന്നത്. എന്നാല്‍ 2024 ജൂലായ് 23 മുതല്‍ വസ്തു ഒഴികെയുള്ള മൂലധന ആസ്തികളില്‍നിന്ന് ഇൻഡക്സേഷൻ ആനുകൂല്യം നീക്കം ചെയ്തു.
നിലവിലെ വ്യവസ്ഥകള്‍ പ്രകാരം 2024 ജൂലായ് 22നോ അതിന് മുമ്പോ വാങ്ങുകയോ 2024 ജൂലായ് 23നോ അതിനുശേഷമോ വില്‍ക്കുയോ ചെയ്താല്‍ നികുതി ബാധ്യത കുറയ്ക്കുന്നതിന് പഴയതോ പുതിയതോ ആയ വ്യവസ്ഥകള്‍ സ്വീകരിക്കാം.
പഴയ നിയമ പ്രകാരം ഇൻഡക്സേഷൻ ആനുകൂല്യത്തോടെ 20 ശതമാനം നികുതിയാണ് ബാധകമാകുക. പുതിയത് പ്രകാരം ഇൻഡക്സേഷൻ ആനുകൂല്യമില്ലാതെ ദീർഘകാല മൂലധന നേട്ടനികുതി 12.5 ശതമാനമായി കണക്കാക്കും.
അതിനാല്‍, 2024 ജൂലായ് 22നോ അതിന് മുമ്പോ സ്വന്തമാക്കിയ വീട് 2025-26 സാമ്പത്തിക വർഷത്തില്‍ വില്‍ക്കുകയാണെങ്കില്‍ ദീർഘകാല മൂലധന നേട്ട നികുതി കണക്കാക്കാൻ സിഐഐ ആവശ്യമായിവരും.