ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വൈദ്യുതി എക്സ്ചേഞ്ചിൽ വില ഉയർന്നേക്കുമെന്ന് ആശങ്ക

ന്യൂഡൽഹി: പവർ എക്സ്ചേഞ്ചിൽനിന്നു സംസ്ഥാനങ്ങൾ വാങ്ങുന്ന വൈദ്യുതിക്കു നിലവിലുള്ള വിലനിയന്ത്രണം നീങ്ങിയേക്കുമെന്ന് ആശങ്ക. ഇത് രാജ്യമാകെ വൈദ്യുതിവില വർധിക്കാൻ ഇടയാക്കിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് പ്രകാരം പവർ എക്സ്ചേ‍‍ഞ്ചിൽനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് നിലവിൽ യൂണിറ്റിന് 12 രൂപ വരെ മാത്രമേ ഈടാക്കാവൂ. ഈ നിയന്ത്രണം മറികടക്കുന്ന തരത്തിലാണ് പുതിയ സംവിധാനം വരുന്നത്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കു പുറമേ സംസ്ഥാനങ്ങൾ പവർ എക്സ്ചേഞ്ചിൽനിന്നാണു വൈദ്യുതി വാങ്ങുന്നത്.

ഉയർന്ന വിലയ്ക്ക് കൽക്കരി ഇറക്കുമതി ചെയ്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കമ്പനികൾക്കും ഗ്യാസ് അധിഷ്ഠിത പ്ലാന്റുകൾക്കും 12 രൂപയിൽ താഴെ പവർ എക്സ്ചേഞ്ചിൽ വിൽക്കാൻ കഴിയുന്നില്ല. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ആളില്ലാത്തതിനാൽ 24 ഗിഗാവാട്ട് ശേഷിയുള്ള ഗ്യാസ് അധിഷ്ഠിത പ്ലാന്റുകളും 17 ഗിഗാവാട്ട് ശേഷിയുള്ള കൽക്കരി (ഇറക്കുമതി ചെയ്തത്) പ്ലാന്റുകളും പൂർണമായും പ്രവർത്തിക്കുന്നില്ല.

ഉയർന്ന ഇന്ധനച്ചെലവാണ് ഗ്യാസ് അധിഷ്ഠിത പ്ലാന്റുകൾക്ക് വെല്ലുവിളി.ഇവരെക്കൂടി ഉൾപ്പെടുത്താനായി പ്രത്യേക വിപണി സൃഷ്ടിക്കാനാണ് കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ നീക്കം. ഇതുവഴി വൈദ്യുതി ലഭ്യത ഉയർത്തുകയാണ് ലക്ഷ്യം. ഇതിന്റെ കരടുരേഖ പൊതുജനാഭിപ്രായത്തിനായി കേന്ദ്രം പ്രസിദ്ധീകരിച്ചു.

ഉയർന്ന വില ഈടാക്കാമെന്നതിനാൽ പുതിയ വിപണിയിലേക്ക് ഉൽപാദകർ മാറിയാൽ നിലവിലുള്ള സ്പോട്ട് വിപണിയിൽ ലഭ്യത കുറയാം. നിലവിലുള്ള വിപണിയിൽ 12 രൂപയാണ് പരിധിയെങ്കിലും ശരാശരി 6 മുതൽ 8 രൂപ വരെയാണ് ഈടാക്കുന്നത്. ലഭ്യത കുറഞ്ഞാൽ വില 12 വരെയെത്താം. ഉയർന്ന തുകയ്ക്ക് പുതിയ വിപണിയിൽനിന്ന് വൈദ്യുതി വാങ്ങേണ്ടിയും വരും. വിലനിയന്ത്രണം കൊണ്ടുവരുന്നതിനു മുൻപ് പവർ എക്സ്ചേഞ്ചിൽ മുൻപ് യൂണിറ്റിന് 20 രൂപ വരെ നിരക്കുയർന്നിട്ടുണ്ട്. കേന്ദ്ര റെഗുലേറ്ററി കമ്മിഷൻ മേയിലാണ് വിലനിയന്ത്രണം ഏർപ്പെടുത്തിയത്.

X
Top