കൊച്ചി: ഇന്ത്യയുടെ മികച്ച സാമ്പത്തിക വളർച്ച മുതലെടുത്ത് ഓഹരി വിപണിയിൽ സജീവമാകുന്ന ചെറുകിട നിക്ഷേപകരുടെ എണ്ണം കുതിച്ചുയരുന്നു. മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്തെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ചരിത്രത്തിലാദ്യമായി 15 കോടി കവിഞ്ഞു.
മാർച്ചിൽ മാത്രം 31 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളാണ് തുറന്നത്. ആഭ്യന്തര രംഗത്തെ മികച്ച വളർച്ചയും പലിശ നിരക്ക് കുറയാനുള്ള സാദ്ധ്യതയും വിദേശ നിക്ഷേപ ഒഴുക്കും കഴിഞ്ഞ മാസം രാജ്യത്തെ മുഖ്യ ഓഹരി സൂചികയിൽ ഒന്നര ശതമാനം വർദ്ധനയാണുണ്ടായത്.
നിക്ഷേപകർക്ക് മികച്ച വരുമാനമാണ് ഇക്കാലയളവിൽ ഓഹരി വിപണി സമ്മാനിച്ചത്. ഇതോടെയാണ് ഡീമാറ്റ് അക്കൗണ്ടുകൾ ആരംഭിക്കുന്നവരുടെ എണ്ണം കൂടുന്നതെന്ന് സ്റ്റോക്ക് ബ്രോക്കർമാർ പറയുന്നു.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ(എൻ. എസ്. ഇ) സജീവമായി വ്യാപാരം നടത്തുന്ന നിക്ഷേപകരുടെ എണ്ണം കഴിഞ്ഞ മാസം 1.8 ശതമാനം ഉയർന്ന് നാല് കോടിക്ക് മുകളിലെത്തി.
നിലവിൽ എൻ. എസ്. ഇയിലെ സജീവ ഉപഭോക്താക്കളിലെ 63.8 ശതമാനം വിഹിതം അഞ്ച് മുൻനിര ഓൺലൈൻ ഡിസ്കൗണ്ട് ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ കൈവശമാണ്.
ഡീമാറ്റ് അക്കൗണ്ടുകൾ
ഓഹരികൾ വാങ്ങുന്നതിനും വില്ക്കുന്നതിനും നിക്ഷേപകർ ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കണമെന്ന് നിർബന്ധമാണ്. ഓഹരികൾ ഡീമെറ്റീരിയലൈസ്ഡ് രൂപത്തിൽ ഡിജിറ്റലായി ഈ അക്കൗണ്ടുകളിൽ സൂക്ഷിക്കും.
നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി, സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് എന്നീ രണ്ട് ഏജൻസികളാണ് ഡീമാറ്റ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്.