ദില്ലി: രാജ്യത്ത് പാൻ, പുകയില തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപഭോഗം വർധിച്ചു. കഴിഞ്ഞ 10 വർഷമായി ആളുകൾ തങ്ങളുടെ വരുമാനത്തിൻ്റെ വലിയൊരു ഭാഗം അത്തരം ഉൽപ്പന്നങ്ങൾക്കായി ചിലവഴിച്ചതായാണ് റിപ്പോർട്ട്.
കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേയിൽ പാൻ, പുകയില, ലഹരിവസ്തുക്കൾ എന്നിവയുടെ ചെലവ് 2011-12 ലെ 3.21% ൽ നിന്ന് ഗ്രാമീണ മേഖലയിൽ 2022-23 ൽ 3.79% ആയി വർദ്ധിച്ചതായാണ് കാണിക്കുന്നത്.
അതേസമയം, നഗരപ്രദേശങ്ങളിൽ 2011–12ൽ 1.61% ആയിരുന്ന ചെലവ് 2022–23ൽ 2.43% ആയി ഉയർന്നു.
ഓരോ കുടുംബത്തിൻ്റെയും പ്രതിമാസ പ്രതിശീർഷ ഉപഭോഗച്ചെലവും രാജ്യത്തിൻ്റെ ഗ്രാമ-നഗര മേഖലകൾക്കും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ചെലവുകളുടെ കണക്കുകൾ അറിയാനാണ് ഗാർഹിക ഉപഭോഗച്ചെലവുകളെക്കുറിച്ചുള്ള ഈ സർവേ ലക്ഷ്യമിടുന്നത്.
നഗര പ്രദേശങ്ങളിൽ പാനീയങ്ങൾക്കും സംസ്കരിച്ച ഭക്ഷണത്തിനുമുള്ള ചെലവ് 2011-12 ലെ 8.98% ൽ നിന്ന് 2022-23 ൽ 10.64% ആയി വർദ്ധിച്ചതായും സർവേ വ്യക്തമാക്കുന്നു. ഇത് ഗ്രാമപ്രദേശങ്ങളിൽ 2011-12ൽ 7.90% ആയിരുന്നത് 2022-23ൽ 9.62% ആയി ഉയർന്നു.
ഗതാഗതത്തിനുള്ള ചെലവ്, നഗരപ്രദേശങ്ങളിൽ 2011-12ൽ 6.52 ശതമാനത്തിൽ നിന്ന് 2022-23ൽ 8.59 ശതമാനമായി ഉയർന്നു. ഗ്രാമപ്രദേശങ്ങളിലും ഇത് 2011-12ൽ 4.20 ശതമാനത്തിൽ നിന്ന് 2022-23ൽ 7.55 ശതമാനമായി ഉയർന്നു.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന കേന്ദ്ര സാമ്പിളിലെ 2,61,746 വീടുകളിൽ നിന്ന് (ഗ്രാമീണ പ്രദേശങ്ങളിൽ 1,55,014, നഗരങ്ങളിൽ 1,06,732) ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്.