ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) പുനരുപയോഗ ഊര്‍ജ്ജം, ഹരിത ഹൈഡ്രജന്‍ എന്നിവയുള്‍പ്പെടെ കുറഞ്ഞ കാര്‍ബണ്‍ ഊര്‍ജ്ജ അവസരങ്ങളില്‍ 1 ലക്ഷം കോടി രൂപയോളം നിക്ഷേപിക്കും. ദശകത്തിന്റെ അവസാനത്തോടെ നിക്ഷേപം പൂര്‍ത്തീകരിക്കാനാണ് പദ്ധതി.
കാര്‍ബണ്‍ രഹിത ഊര്‍ജ്ജ പോര്‍ട്ട്‌ഫോളിയോ വര്‍ദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ് സൃഷ്ടിച്ചതായി ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍, പ്രകൃതിവാതക ഉല്‍പാദകര്‍ അറിയിക്കുന്നു.കാര്‍ബണ്‍ പുറന്തള്ളല്‍ 2030 ഓടെ ഒരു ബില്യണ്‍ ടണ്‍ കുറയ്ക്കുകയാണ് ലക്ഷ്യം. കാര്‍ബണ്‍ തീവ്രത 45 ശതമാനം കുറയ്ക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തിന് ഒഎന്‍ജിസിയുടെ സംഭാവനയാണ് പദ്ധതി.
ഇത് പ്രകാരം രണ്ട് ഗ്രീന്‍ ഫീല്‍ഡ് ഒ2സി പ്ലാന്റുകള്‍ സ്ഥാപിക്കും. കൂടാതെ ഒന്നിലധികം ഹരിത സംരഭങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്താനും പുനരുല്‍പ്പാദിപ്പിക്കാവുന്ന പോര്‍ട്ട്‌ഫോളിയോ 10 ജിഗാവാട്ടായി ഉയര്‍ത്താനും പദ്ധതിയുണ്ട്.പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം, ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ, ഗ്രീന്‍ ഹൈഡ്രജന്റെ മറ്റ് ഡെറിവേറ്റീവുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
കാര്‍ബണ്‍ പുറന്തള്ളല്‍ ലഘൂകരിക്കുന്നതിന് കാര്‍ബണ്‍ ക്യാപ്ചര്‍, സിസിയുഎസ് സാങ്കേതികവിദ്യകളിലെ ഗവേഷണത്തിനും വികസനത്തിനും ഊന്നല്‍ എന്നിവയാണ് മറ്റ് പദ്ധതികള്‍.വിവിധ ഡി-കാര്‍ബണൈസേഷന്‍ ഉദ്യമങ്ങള്‍ നടത്തിയി്ട്ടുണ്ടെന്നും വര്‍ഷങ്ങളായി പുറന്തള്ളല്‍ കുറയ്ക്കുകയാണെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്‌കോപ്പ് -1, സ്‌കോപ്പ് -2 പുറന്തള്ളല്‍ 17 ശതമാനം കുറയ്ക്കാന്‍ സഹായിച്ചു.
2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഒഎന്‍ജിസി പുറന്തള്ളല്‍ 2.66 ശതമാനം കുറച്ചിട്ടുണ്ട്.