
ന്യൂഡല്‍ഹി: ആഴക്കടല്‍ ഊര്‍ജ്ജ പര്യവേക്ഷണത്തിലെ സുപ്രധാന ചുവടുവെപ്പ് നടത്തി ഇന്ത്യ. ആന്‍ഡമാന്‍ തടത്തില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. ‘ ഊര്‍ജ്ജ അവസരങ്ങളുടെ സമുദ്രമെന്നും ഊര്‍ജ്ജ സ്വയംപര്യാപ്തതയിലേയ്ക്കുള്ള ചുവടുവെപ്പു’ മെന്നുമാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി മുന്നേറ്റത്തെ വിശേഷിപ്പിച്ചത്.
ആന്‍ഡമാന്‍ തീരത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെ ശ്രീവിജയപുരം-2 വില്‍ 2650 മീറ്റര്‍ ആഴത്തിലാണ് കണ്ടെത്തല്‍. 2212 -2250 മീറ്ററിനും ഇടയിലുള്ള പ്രാരംഭ പരിശോധനയില്‍ ജ്വലനം സംഭവിച്ചെന്നും ഇത് ഹൈഡ്രോ കാര്‍ബണുകളുടെ സാന്നിധ്യം സൂചിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.
തുടര്‍ന്ന് വാതക സാമ്പിളുകള്‍ കാക്കിനാഡയിലേയ്ക്ക് അയക്കുകയും 87 ശതമാനം ഉയര്‍ന്ന മീഥെയ്ന്‍ സാന്ദ്രത കണ്ടെത്തുകയും ചെയ്തു. വാതകത്തിന്റെ ഉപയോഗക്ഷമത വരും മാസങ്ങളില്‍ പരിശോധിക്കപ്പെടും. കണ്ടെത്തല്‍ ആഭ്യന്തര ഊര്‍ജ്ജ ഉത്പാദന സാധ്യതകള്‍ തുറക്കുന്നതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
ആന്‍ഡമാന്‍ തടത്തിലെ മീഥേനിന്റെ പ്രസക്തി അതിന്റെ ഊര്‍ജ്ജ സാധ്യതയും തന്ത്രപരമായ പ്രധാന്യവുമാണ്. ശ്രീ വിജയപുരം-2 വിലെ 87 ശതമാനം മീഥേന്‍ സാന്ദ്രത ഉയര്‍ന്ന നിലവാരമുള്ള പ്രകൃതിവാതകത്തെ സൂചിപ്പിക്കുന്നു. ഇത് അര്‍ത്ഥമാക്കുന്നത് വാതകം ജ്വലിക്കുന്നുവെന്നും വാണിജ്യപരമായി ഉപയോഗിക്കാം എന്നുമാണ്.
കൂടാതെ വലിയ തോതില്‍ പര്യവേക്ഷം ചെയ്യപ്പെടാത്ത മേഖലയായതിനാല്‍ , ആന്‍ഡമാന്‍ തടത്തിലെ മീഥേന്‍ സമ്പുഷ്ട വാതകം ഭാവി ഓഫ് ഷോര്‍ ഡ്രില്ലിംഗിന്റെ സാധ്യത വെളിപ്പെടുത്തി.പ്രത്യേകിച്ചും ഊര്‍ജ്ജ സ്വയംപര്യാപ്തത ഇന്ത്യയുടെ പ്രധാന ആവശ്യമായിരിക്കുന്ന സാഹചര്യത്തില്‍.