തിരുവനന്തപുരം: ഓണമാസമായ സെപ്റ്റംബറിൽ കേരളത്തിൽ ചരക്കു സേവന നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വളർച്ച നേടാനായില്ല. കഴിഞ്ഞ സെപ്റ്റംബറിൽ 2505 കോടി രൂപയുടെ വരുമാനം മാത്രമാണു നേടാനായത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേരളത്തിന്‍റെ ജിഎസ്ടി വരുമാനം 2246 കോടി രൂപയായിരുന്നു. അതായത്, മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർധന. എന്നാൽ കഴിഞ്ഞ ഓഗസ്റ്റിലെ വരുമാനത്തെ അപേക്ഷിച്ച് 199 കോടി രൂപയുടെ വരുമാന വർധന മാത്രമാണ് ഓണമാസമായ സെപ്റ്റംബറിൽ നേടാനായതെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ജിഎസ്ടി സംബന്ധമായ കണക്കിൽ വ്യക്തമാക്കുന്നു.
ഓഗസ്റ്റിൽ ചരക്കുസേവന നികുതി ഇനത്തിൽ 2306 കോടി രൂപയാണു നേടാനായത്. ജൂലൈയിൽ 2381 കോടി രൂപയും ജിഎസ്ടി വരുമാന ഇനത്തിലെത്തി. ജൂണിലാണു കൂടുതൽ വരുമാനം ഖജനാവിലെത്തിയത് – 2,725 കോടി രൂപ.
പിന്നീടുള്ള മാസങ്ങളിൽ ജിഎസ്ടി വരുമാനത്തിൽ കുറവു രേഖപ്പെടുത്തുകയായിരുന്നു. കോവിഡിനും പ്രളയത്തിനും ശേഷമുള്ള വർഷങ്ങളുടെ ഇടവേളയിൽ ഓണവിപണി നല്ല രീതിയിൽ ചലിച്ചെന്നു സർക്കാർ അവകാശപ്പെട്ടിരുന്നതിനിടെയാണ് ചരക്കുസേവന നികുതിയിൽ പ്രതീക്ഷിച്ച വർധന രേഖപ്പെടുത്താത്തത്.
ചരക്കുസേവന നികുതി തട്ടിപ്പാണോ പിരിച്ചെടുക്കുന്നതിൽ ജിഎസ്ടി വകുപ്പിനുണ്ടാകുന്ന വീഴ്ചയാണോ കാരണമെന്നു വ്യക്തമല്ല. അതേസമയം, സെപ്റ്റംബറിലെ ചരക്കുസേവന നികുതി വരുമാനത്തിൽ അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും വരുമാനത്തിൽ കുതിച്ചു ചാട്ടമുണ്ടായതായാണു കണക്കുകൾ.
കർണാടകയിൽ 20 ശതമാനവും തമിഴ്നാട്ടിൽ 21 ശതമാനവും നികുതി വളർച്ചയുള്ളതായാണ് സെപ്റ്റംബറിലെ കണക്കുകൾ വ്യക്തമാക്കുന്നത്. കർണാടകയിൽ കോണ്‍ഗ്രസിന്‍റെ സിദ്ധരാമയ്യ സർക്കാർ അധികാരത്തിലേറിയ ജൂണ്‍ മുതൽ സെപ്റ്റംബർ വരെ 46,246 കോടി രൂപയാണു ചരക്കു സേവന നികുതി വരുമാന ഇനത്തിൽ ലഭിച്ചത്.
ഇക്കാലളവിൽ കേരളത്തിൽ ഇതിന്‍റെ നാലിലൊന്നു തുക പോലും ലഭിച്ചിട്ടില്ല.