കൊച്ചി: പണമില്ലാത്തതിനാൽ ഓണത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങാനാകാതെ സപ്ലൈകോ. 250 കോടി രൂപയെങ്കിലും കിട്ടിയാൽ മാത്രമേ ഓണത്തിന് കുറഞ്ഞ വിലയിൽ പൊതുവിപണിയിൽ സാധനങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോയ്ക്കു കഴിയൂ.
സർക്കാർ നൽകാനുള്ള 3000 കോടിയിലധികം രൂപ ഇന്നത്തെ സാഹചര്യത്തിൽ കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് അടിയന്തരമായി 800 കോടി രൂപയെങ്കിലും നൽകാനാണു സപ്ലൈകോ ആവശ്യപ്പെട്ടിട്ടുള്ളത്.
മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കു മാത്രമായി ഇത്തവണ ഓണക്കിറ്റ് നൽകാനാണ് സർക്കാരിന്റെ ആലോചന. ഇക്കാര്യത്തിൽ ഈ ആഴ്ച തീരുമാനമുണ്ടായേക്കും. ഇതിനായി ഏകദേശം 30 കോടി രൂപ ആവശ്യമാണ്.
സബ്സിഡി നിരക്കിൽ സാധനങ്ങൾ വിതരണം ചെയ്ത വകയിൽ 1462 കോടി രൂപയാണ് സർക്കാരിൽ നിന്നു കിട്ടാനുള്ളത്.
നെല്ലു സംഭരിച്ച വകയിൽ 1198 കോടിയും റേഷൻ കടകളിലേക്ക് അരിയും മറ്റും വിതരണം ചെയ്ത വകയിൽ 247 കോടിയും സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യസാമഗ്രികൾ വിതരണം ചെയ്തതിന്റെ 146 കോടിയുമാണ് ലഭിക്കാനുള്ളത്.
കോവിഡ് കാലത്ത് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തതും സപ്ലൈകോയ്ക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയിട്ടുണ്ട്. കോവിഡ് കിറ്റുകളുടെ കണക്കിൽ ലഭിക്കാനുള്ളത് 30 കോടി രൂപയാണ്.
ട്രഷറി ഫണ്ടിൽ നിന്നെടുത്ത തുകയുടെ പലിശ സർക്കാർ നൽകാമെന്ന് ഏറ്റിരുന്നെങ്കിലും അത് അടയ്ക്കാത്തതിനാൽ 33 കോടി രൂപയുടെ അധിക ബാധ്യതയുമുണ്ട്.
നിലവിൽ സപ്ലൈകോ ഔട്‌ലെറ്റുകളിൽ കടല, വൻപയർ, ചെറുപയർ തുടങ്ങിയവയൊന്നും സ്റ്റോക്കില്ല. വിതരണക്കാർക്ക് 3 മാസമായി പണം നൽകാൻ കഴിയാത്തതാണ് പ്രതിസന്ധിക്കു കാരണം. കുടിശികയുള്ളതിനാൽ ഇവർ വിതരണം നിർത്തിയിരിക്കുകയാണ്.
മന്ത്രി വിതരണക്കാരുമായി സംസാരിച്ചിട്ടുണ്ടെങ്കിലും കുടിശികയുള്ള തുകയിൽ കുറച്ചെങ്കിലും കൊടുത്തില്ലെങ്കിൽ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.