
ന്യൂഡല്‍ഹി: ബാങ്കുകള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ 1.84 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ആസ്തികള്‍ അവകാശികളില്ലാതെ കിടക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. 2025 ഒക്ടോബര്‍ 4 ശനിയാഴ്ച ഗാന്ധിനഗറില്‍ ആരംഭിച്ച ‘ആപ്കി പൂഞ്ചി, അപ്ക അധികാര്‍’ (നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം) എന്ന രാജ്യവ്യാപക ബോധവല്‍ക്കരണ കാമ്പയ്‌നില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തുകയില്‍ ബാങ്ക് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് വരുമാനം, ലാഭവിഹിതം, ഓഹരികള്‍ എന്നിവ ഉള്‍പ്പെടുന്നു. ധനകാര്യ സേവന വകുപ്പ് (ഡിഎഫ്എസ്) പറയുന്നത് പ്രകാരം, ഈ പണം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സുരക്ഷിതമാണ്. ശരിയായ രേഖകള്‍ സമര്‍പ്പിക്കുക വഴി പൗരന്മാര്‍ക്ക് അവരുടെ ഫണ്ടുകള്‍ തിരിച്ചുപിടിക്കാം. സര്‍ക്കാര്‍ ഒരു കസ്റ്റോഡിയന്‍ ആയി പ്രവര്‍ത്തിക്കുമെന്നും ഉടമസ്ഥാവകാശം പരിശോധിച്ചുകഴിഞ്ഞാല്‍ പണം വിട്ടുകൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു..
ഇക്കാര്യത്തില്‍ പൗരന്മാരെ സഹായിക്കുന്നതിന് ആര്‍ബിഐ, യുഡിജിഎഎം എന്ന ഡിജിറ്റല്‍ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. അതായത് അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റ്‌സ് ഗേറ്റ്വേ ടു ആക്സസ് ഇന്‍ഫര്‍മേഷന്‍. ഈ പോര്‍ട്ടല്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ തിരയാന്‍ അനുവദിക്കുന്നു.
അവബോധം വളര്‍ത്തിയെടുക്കുന്നതിന്റെയും, വിവരങ്ങളിലേക്കുള്ള ആക്സസ് മെച്ചപ്പെടുത്തുന്നതിന്റെയും, പണം അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന്റെയും പ്രാധാന്യം ധനമന്ത്രി ഊന്നിപ്പറഞ്ഞു. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയ്ന്‍ വഴി പൗരന്മാര്‍ക്ക് പണം തിരിച്ചുപിടിക്കാം. അവകാശികളല്ലാത്ത പൊതു പണത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ ആര്‍ബിഐയിലേക്കും ക്ലെയിം ചെയ്യാത്ത ഓഹരികളും ലാഭവിഹിതങ്ങളും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം കൈകാര്യം ചെയ്യുന്ന ഇന്‍വെസ്റ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടിലേക്കും (ഐഇപിഎഫ്) മാറ്റുകയാണ് ചെയ്യുന്നത്.