
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ ആറാം സെഷനിലും നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 142.87 പോയിന്റ് അഥവാ 0.17 ശതമാനമുയര്‍ന്ന് 82000.71 ലെവലിലും നിഫ്റ്റി 33.20 പോയിന്റ് അഥവാ 0.13 ശതമാനമുയര്‍ന്ന് 25083.75 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
2025 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1886 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 145 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖല സൂചികകളുടേത് സമ്മിശ്ര പ്രകടനമായിരുന്നു. ഫാര്‍മ, ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി, സ്വകാര്യ ബാങ്കുകള്‍, ഇന്‍ഫ്ര, ഐടി, ലോഹം മീഡിയ എന്നിവ നേട്ടത്തിലായപ്പോള്‍ എഫ്എംസിജി, എനര്‍ജി, വാഹനം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പൊതുമേഖല ബാങ്ക് എന്നിവ നഷ്ടം നേരിട്ടു.
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് സൂചിക 3 ശതമാനം ഇടിഞ്ഞ് 11.37 ലെവലിലെത്തി. സിപ്ല, ഡോ. റെഡ്ഡീസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ ലൈഫ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, എറ്റേര്‍ണല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് എന്നിവ നഷ്ടം നേരിട്ടു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു. കുതിപ്പിന്റെ തീവ്രത കുറഞ്ഞുവെന്നും കണ്‍സോളിഡേഷന് സാധ്യതയുണ്ടെന്നും അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി.