തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് കേന്ദ്രാനുമതി നൽകുന്ന ‘പി.എം-ഗതിശക്തി’(PM-Gathisakthi) വകുപ്പും ശബരിമല വിമാനത്താവളം(Sabarimala airport) നടപ്പാക്കാൻ പച്ചക്കൊടി വീശി. ഇതോടെ, കേന്ദ്രസർക്കാരിന്റെ മറ്റൊരു കടമ്പകൂടി കടന്നു.
ഇനി വ്യോമയാന ഡയറക്ടർ ജനറലിന്റെ(ഡിജിസിഎ/DGCA) അംഗീകാരം മാത്രമേ കേന്ദ്രതലത്തിൽ ശേഷിക്കുന്നുള്ളൂ. അതിന് സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനവും നടപടിക്രമങ്ങളും പൂർത്തിയാവണം.
റോഡും റെയിലും വിമാനത്താവളവും ജലഗതാഗതവുമൊക്കെ ഉൾപ്പെടുന്ന ബഹുതല മാതൃകയിലുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം സാധ്യമാക്കി അനുമതി നൽകുന്ന കേന്ദ്രസംവിധാനമാണ് പി.എം-ഗതിശക്തി.
സംസ്ഥാന സർക്കാരുകൾ തയ്യാറാക്കുന്ന മാസ്റ്റർ പ്ലാനുകൾ ഈ വകുപ്പ് പരിശോധിച്ച് അനുമതി നൽകുന്നതാണ് രീതി.
ശബരിമല വിമാനത്താവളത്തിനായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡിവലപ്‌മെന്റ് കോർപറേഷൻ (കെ.എസ്.ഐ.ഡി.സി.) സമർപ്പിച്ച പദ്ധതി ശുപാർശ പരിഗണിച്ചാണ് ഇപ്പോഴത്തെ കേന്ദ്രാനുമതി.
ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെയ്‌സ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ-ഇൻഫർമാറ്റിക്സ് (ബിസാഗ്-എൻ) എന്ന കേന്ദ്രസ്ഥാപനം പദ്ധതിക്കുള്ള ജിയോ-മാപ്പിങ് തയ്യാറാക്കിയിരുന്നു.
ഇനിയുള്ള കടമ്പ
പദ്ധതിസ്ഥലം അംഗീകരിക്കൽ (സൈറ്റ് ക്ലിയറൻസ്), പരിസ്ഥിതി ആഘാതപഠനത്തിനുള്ള പരിഗണനാവ്യവസ്ഥകൾ എന്നിവയ്ക്ക് നേരത്തേ കേന്ദ്രാനുമതി ലഭിച്ചിരുന്നു.
ഇതിനിടെ, സാമൂഹികാഘാതപഠനം നടത്തിയത് സ്വതന്ത്ര ഏജൻസിയല്ലെന്നും സർക്കാർ വിജ്ഞാപനങ്ങളിൽ ഭൂമിയുടെ കൈവശക്കാരുടെ പേരില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തി. തുടർന്ന്, വിജ്ഞാപനങ്ങൾ കോടതി റദ്ദാക്കി.
ഇതനുസരിച്ച്, പുതിയ സർക്കാർ വിജ്ഞാപനം ഇറക്കി നടപടിക്രമങ്ങൾ മുന്നോട്ടുനീങ്ങണം. സ്വതന്ത്ര ഏജൻസിയെ വെച്ച് സാമൂഹികാഘാതപഠനവും മറ്റും പൂർത്തീകരിക്കണം. ഇതിനെല്ലാംശേഷമേ ഡി.ജി.സി.എ. അനുമതിക്കായി പദ്ധതി സമർപ്പിക്കാനാവൂ.
വിമാനത്താവള പദ്ധതി
- പദ്ധതിച്ചെലവ്: 3973 കോടി
- സ്ഥലം: 2569.59 ഏക്കർ
- റൺവേ: മൂന്നരക്കിലോമീറ്റർ നീളവും 45 മീറ്റർ വീതിയും.