
ന്യൂഡൽഹി: സിം കാർഡ് ഡീലർമാർക്കു പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണു തീരുമാനം പ്രഖ്യാപിച്ചത്. സിമ്മിന്‍റെ വലിയ അളവിലുള്ള കൂട്ടായ വില്പന നിയന്ത്രിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തട്ടിപ്പുകൾ തടയുന്നതിനുള്ള മുൻകരുതലിന്‍റെ ഭാഗമായാണു നടപടി. പോലീസ് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള ചട്ടങ്ങൾ സിം ഡീലർമാർ ലംഘിച്ചാൽ 10 ലക്ഷം രൂപയാണു പിഴ.
രാജ്യത്ത് 10 ലക്ഷത്തിലധികം സിം കാർഡ് ഡീലർമാരുണ്ടെന്നും അവരെല്ലാം സമയബന്ധിതമായി വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്നും അശ്വിനി വൈഷ്ണവ് നിർദേശിച്ചു.
കൂട്ടത്തോടെ സിം കണക്‌ഷനുകൾ നൽകുന്ന രീതി നിർത്തലാക്കിയ കേന്ദ്രം, ബിസിനസ് കണക്‌ഷൻ രീതി അവതരിപ്പിച്ചു. ഇത്തരം സിമ്മുകൾ ഉപയോഗിക്കുന്നവർ കെവൈസി നൽകണം. ബിസിനസുകൾ സമർപ്പിക്കേണ്ട കെവൈസിക്കു പുറമേയാണിത്.
ഇതുവരെ 52 ലക്ഷം മൊബൈൽ കണക്‌ഷനുകൾ ടെലിക്കമ്യൂണിക്കേഷൻ വകുപ്പ് നിർത്തലാക്കി. 67,000 ഡീലർമാരെ കരിന്പട്ടികയിൽപ്പെടുത്തി. ഈ വർഷം മേയ് വരെ 300 എഫ്ഐആറുകൾ സിം ഡീലർമാർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തട്ടിപ്പ് ഇടപാടുകളിൽ ഏർപ്പെട്ട 66,000 വാട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.