
ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എല്‍ഐസിയുടെ മെഗാ ഐപിഒ നടന്ന മാസത്തില്‍ പുതിയതായി തുടങ്ങിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുറഞ്ഞു. 21,000 കോടി രൂപയുടെ എല്‍ഐസി ഐപിഒയെ തുടര്‍ന്ന് ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. പോളിസി ഉടമകളും ജീവനക്കാരുമായവര്‍ പുതിയതായി ഓഹരിവിപണിയിലേയ്ക്ക് പ്രവേശിക്കുന്നതോടെയാണ് ഇത്.
എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി 2.65 ദശലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ മാത്രമാണ് എല്‍ഐസി ഐപിഒ നടന്ന മെയ് മാസത്തില്‍ തുറന്നത്. ജനുവരിയെ അപേക്ഷിച്ച് 750,000 എണ്ണം കുറവാണ് ഇത്. ജനുവരിയില്‍ 3.4 ദശലക്ഷം ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്നിരുന്നു.
നേരത്തെ എല്‍ഐസി പോളിസി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഓഹരികളുടെ ക്വാട്ട നിശ്ചയിച്ചിരുന്നു. ഓഹരിവിപണിയില്‍ നിക്ഷേപിച്ച് പരിചയമില്ലാത്ത ഇവര്‍ കമ്പനിയിലുള്ള താല്‍പര്യം കൊണ്ട് മാത്രം പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ തുടങ്ങി. ഇതോടെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 100 ദശലക്ഷം ആകുമെന്നാണ് കരുതപ്പെട്ടിരുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയുടെ പബ്ലിക്് ഓഫറായതിനാല്‍ ധാരാളം പുതിയ ചെറുകിട നിക്ഷേപകരേയും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇത് ശരിവച്ച് 6.13 മില്ല്യണ്‍ ചെറുകിട നിക്ഷേപകര്‍ എല്‍ഐസിയുടെ ഓഹരി വാങ്ങി. 7.5 ദശലക്ഷം അപേക്ഷകള്‍ തള്ളപ്പെട്ടു.
എന്നാല്‍ ഇത്രയും ഡീമാറ്റ് അക്കൗണ്ടുകളില്‍ ഭൂരിഭാഗം എണ്ണവും എല്‍ഐസി ഓഫറിന് മാസങ്ങള്‍ മുന്‍പാണ് തുറക്കപ്പെട്ടത് എന്ന് പിന്നീട് കണ്ടെത്തി. ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം മാസം തോറും കുറഞ്ഞുവരുന്ന പ്രവണതയാണ് രാജ്യത്തുള്ളത്. എന്നാല്‍ ജനുവരി ഇതിനൊരു അപവാദമായി.