മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപിക്കപ്പെടുന്ന തുക ആദ്യമായി 26,000 കോടി രൂപ കടന്നു. ഡിസംബറില്‍ 26,459 കോടി രൂപയാണ് എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്.
നവംബറില്‍ 25,320 കോടി രൂപയും ഒക്‌ടോബറില്‍ 25,323 കോടി രൂപയുമാണ് എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടിരുന്നത്. തുടര്‍ച്ചയായി രണ്ട് മാസം 25,000 കോടി രൂപക്ക് മുകളില്‍ നിക്ഷേപം നടന്നതിനു ശേഷമാണ് ഡിസംബറില്‍ 26,000 കോടി രൂപ എന്ന പുതിയ നാഴികക്കല്ല് താണ്ടിയത്.
മൊത്തം മ്യൂച്വല്‍ ഫണ്ട് ഫോളിയോകളുടെ എണ്ണം 22.50 കോടിയിലെത്തി. ഇതും പുതിയ റെക്കോഡാണ്. റീട്ടെയില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ എണ്ണം 17.89 കോടിയാണ്. 54,27,201 പുതിയ എസ്‌ഐപികളാണ് ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
നവംബറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 49,46,408 പുതിയ എസ്‌ഐപികള്‍ ആയിരുന്നു. എസ്‌ഐപി അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപ തുക 13.63 ലക്ഷം കോടി രൂപയാണ്. നവംബറില്‍ ഇത് 13.54 ലക്ഷം കോടി രൂപയായിരുന്നു.
മൊത്തം എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണത്തിലും പുതിയ റെക്കോഡ് കൈവരിച്ചു. 10.32 കോടി എസ്‌ഐപി അക്കൗണ്ടുകളാണ് നിലവിലുള്ളത്. സെപ്‌റ്റംബറിലാണ് ആദ്യമായി പ്രതിമാസ എസ്‌ഐപി നിക്ഷേപം 24,000 കോടി രൂപക്ക് മുകളിലെത്തുന്നത്. ഒക്‌ടോബറില്‍ ഇത് 25,000 കോടി രൂപയായി ഉയര്‍ന്നു.
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിലെയോ ബാങ്കുകളിലെയോ റെക്കറിംഗ് ഡെപ്പോസിറ്റുകളില്‍ എല്ലാ മാസവും നിശ്ചിത തീയതിക്ക് നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍.
സാധാരണക്കാര്‍ക്കും ഓഹരി നിക്ഷേപം സാധ്യമാക്കുന്ന ഏറ്റവും ഉചിതമായ നിക്ഷേപ രീതിയാണ് ഇത്.