
ഫെബ്രുവരിയില്‍ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ തകര്‍ച്ച നിക്ഷേപാവസരമായി മ്യൂച്വല്‍ ഫണ്ടുകള്‍ വിനിയോഗിച്ചു. അദാനി ഗ്രൂപ്പിലെ പത്ത് ഓഹരികളില്‍ അഞ്ചിലും ഫെബ്രുവരിയില്‍ ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപം നടത്തി.
എസിസി, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍, അദാനി ട്രാന്‍സ്‌മിഷന്‍, അദാനി വില്‍മാര്‍ എന്നീ ഓഹരികളാണ് താഴ്‌ന്ന വിലയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിയത്.
അദാനി ഗ്രീന്‍ എനര്‍ജിയുടെ 30,744 ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിയത്. ഈ ഓഹരി അഞ്ച് ശതമാനം ഉയര്‍ന്ന് 777.40 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. 439.1 രൂപയാണ് ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ താഴ്‌ന്ന വില.
അതേ സമയം 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയായ 3048 രൂപയില്‍ നിന്നും 76 ശതമാനം താഴ്‌ന്ന നിലവാരത്തിലാണ് ഈ ഓഹരി ഇപ്പോഴും. 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 50 ശതമാനത്തിലേറെ താഴ്‌ന്ന നിലവാരത്തില്‍ വ്യാപാരം ചെയ്യുന്ന അദാനി പവറിന്റെ 16,731 ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിയത്.
മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തിയ മറ്റൊരു ഓഹരിയായ അദാനി ട്രാന്‍സ്‌മിഷന്‍ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 78 ശതമാനം താഴ്‌ന്ന നിലവാരത്തിലാണ് ഇപ്പോഴും.
ഈ മൂന്ന് കമ്പനികളിലെയും മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം ഒരു ശതമാനം വീതം വര്‍ധിച്ചു. അദാനി വില്‍മാറിന്റെ 9000 ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിയത്. നിലവില്‍ 15 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണ് അദാനി വില്‍മാറില്‍ നിക്ഷേപിച്ചിട്ടുള്ളത്.
സിമന്റ് കമ്പനിയായ എസിസിയിലും മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചു. അതേ സമയം എസിസി കൈവശം വെക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ എണ്ണം 140ല്‍ നിന്ന് 135 ആയി കുറഞ്ഞു.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി ടോട്ടല്‍ ഗ്യാസ്, അംബുജ സിമന്റ്‌സ് എന്നീ കമ്പനികളിലെ ഓഹരി പങ്കാളിത്തം മ്യൂച്വല്‍ ഫണ്ടുകള്‍ കുറയ്‌ക്കുകയാണ് ചെയ്‌തത്.