ന്യൂയോര്‍ക്ക്: ക്രിപ്‌റ്റോ വാലറ്റായ, നോവി ഡിജിറ്റല്‍ വാലറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോംസ് തീരുമാനിച്ചു. വാലറ്റില്‍ നിന്നും പണം പിന്‍വലിക്കാന്‍ സെപ്തംബര്‍ 1 വരെ നിക്ഷേപകര്‍ക്ക് സമയം ലഭിക്കും. എന്തെങ്കിലും തുക അവശേഷിക്കുന്നുണ്ടെങ്കില്‍ അത് തിരിച്ച് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കാനും തീരുമാനമായിട്ടുണ്ട്.
ജൂലൈ 21 മുതല്‍ വാലറ്റ് സാധാരണ സേവനങ്ങള്‍ അവസാനിപ്പിക്കും.കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ക്രിപ്‌റ്റോകറന്‍സി വാലറ്റായ നോവിയ്ക്ക് മെറ്റ തുടക്കമിട്ടത്. എന്നാല്‍ വാലറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ലോഞ്ചുചെയ്തയുടന്‍ യു.എസ് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു.
പണം കൈമാറ്റം ചെയ്യുന്നതിന് ക്രിപ്‌റ്റോകറന്‍സി വിശ്വസനീയമായ മാര്‍ഗ്ഗമല്ലെന്നായിരുന്നു സെനറ്റര്‍മാരുടെ വാദം. ഒരു മാസത്തിനുശേഷം, മെറ്റയുടെ ക്രിപ്‌റ്റോകറന്‍സി പ്രൊജക്റ്റ് തലവനായ ഡേവിഡ് മാര്‍ക്കസ് രാജിവച്ചു. അതേസമയം, ബ്ലോക്ക് ചെയ്ന്‍ രംഗത്ത് മൂന്നുവര്‍ഷമായി നടത്തിയ പര്യവേക്ഷണം തുടര്‍ന്നും ഉപയോഗപ്പെടുത്തുമെന്നാണ് മെറ്റ വൃത്തങ്ങള്‍ പറയുന്നത്.
വെബ്3 രംഗത്ത് കൂടുതല്‍ ശക്തമായ ഉത്പന്നങ്ങളുമായി തിരികെവരുമെന്ന് നോവി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ‘ഡിജിറ്റല്‍ വസ്ത്രങ്ങള്‍, കല, വീഡിയോകള്‍, സംഗീതം, അനുഭവങ്ങള്‍, വെര്‍ച്വല്‍ ഇവന്റുകള്‍ എന്നിവയും മറ്റും’ കൈകാര്യം ചെയ്യാനും സംഭരിക്കാനുമുള്ള ഒരു ഡിജിറ്റല്‍ വാലറ്റ് വികസിപ്പിക്കാനുള്ള പദ്ധതികളാണ് മെറ്റ ആവിഷ്‌ക്കരിക്കുന്നത്.