
മുംബൈ: മുന്‍ ആഴ്ചയിലെ ദൗര്‍ബല്യത്തില്‍ നിന്ന് മാറി ഏപ്രില്‍ 24 ന് വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 0.67 ശതമാനം അഥവാ 410.04 ശതമാനം ഉയര്‍ന്ന് 60056.10 ലെവലിലും നിഫ്റ്റി 0.68 ശതമാനം അഥവാ 119.35 പോയിന്റുയര്‍ന്ന് 17743.40 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
സ്വകാര്യ വായ്പാദാതാക്കളുടേയും റിലയന്‍സിന്റെയും ഉയര്‍ന്ന നേട്ടങ്ങളാണ് തുണയായത്. ഐടി കമ്പനികളുടെ നിരാശാജനകമായ പ്രകടനം കഴിഞ്ഞയാഴ്ച വിപണികളെ തളര്‍ത്തിയിരുന്നു. യുഎസ് കേന്ദ്രബാങ്ക് അധികൃതരുടെ ഹോവ്ക്കിഷ് വെളിപെടുത്തലും വിപണിയെ ബാധിച്ചു.
എന്നാല്‍ തിങ്കളാഴ്ച ഐടി, ബാങ്കിംഗ് മേഖലകളില്‍ വാങ്ങല്‍ ദൃശ്യമായി. ‘ഹെവിവെയ്റ്റുകളുടെ ശക്തമായ വരുമാനമാണ് വിപണി വികാരം പോസിറ്റീവാക്കിയത്,’ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിനോദ് നായര്‍ പറയുന്നു.
ഇത് നാലാംപാദ ഫലങ്ങളെ പ്രതീക്ഷയ്ക്ക് മുകളിലെത്തിച്ചു. ആഗോള വെല്ലുവിളികള്‍ ചെറിയ തോതില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഐടി, ബാങ്കിംഗ് മേഖല രക്ഷകരായി. ഏകദേശം 1,847 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1,643 ഓഹരികളാണ് ഇടിവ് നേരിട്ടത്.
159 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഫാര്‍മയില്‍ വില്‍പനസമ്മര്‍ദ്ദം കണ്ട ദിവസം കൂടിയാണ് കടന്നുപോയത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫിനാന്‍ഷ്യല്‍ എന്നിവ നേട്ടമുണ്ടാക്കി.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചികയുടെ പ്രകടനം പക്ഷെ നിഫ്റ്റി 50യ്‌ക്കൊപ്പമെത്തിയില്ല.