
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ 6,250 കോടി രൂപയുടെ വ്യാവസായിക നിക്ഷേപത്തിന് രാജ്യാന്തര കമ്പനികൾ സർക്കാരിനെ താൽപര്യമറിയിച്ചു.
വിഴിഞ്ഞം കോൺക്ലേവിൽ ഉയർന്ന നിക്ഷേപ വാഗ്ദാനങ്ങൾ ഇൻവെസ്റ്റ് കേരളയിലാണു താൽപര്യപത്രമായി മാറിയത്. 50 കോടി രൂപ മുതൽ 5,000 കോടി രൂപവരെയുള്ള നിക്ഷേപത്തിനു 12 കമ്പനികളാണു മുന്നോട്ടു വന്നിട്ടുള്ളത്.
ദുബായ് ആസ്ഥാനമായ ഷെറഫ് ഗ്രൂപ്പിന്റെ ഇൻലാൻഡ് കണ്ടെയ്നർ ടെർമിനലാണ് ഇക്കൂട്ടത്തിൽ വലിയ പദ്ധതി. സർക്കാർ സ്ഥലം കണ്ടെത്തി കൈമാറുന്ന മുറയ്ക്ക് 5000 കോടിയുടെ പദ്ധതി തുടങ്ങും.
ഡൽഹിയിൽ ഗ്രൂപ്പിന് 110 ഏക്കറിൽ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയുണ്ട്. ഷെറഫ് ഗ്രൂപ്പ് എത്തുന്നതോടെ വിഴിഞ്ഞം കൂടുതൽ രാജ്യാന്തര കമ്പനികളുടെ ശ്രദ്ധാകേന്ദ്രമാകും.
സ്വകാര്യ റെയിൽ ടെർമിനലിനായി 300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണു മെഡ്‌ലോക് കമ്പനിയുടേത്. കെറി ഇൻഡേവ് (200 കോടി), രാജാ ഏജൻസീസ് (50 കോടി), ഹിന്ദ് ടെർമിനൽ (200 കോടി), മെർക്കന്റൈൽ ലോജിസ്റ്റിക്‌സ് (150 കോടി) എന്നീ കമ്പനികൾ കണ്ടെയ്‌നർ ഫ്രെയ്റ്റ് സ്റ്റേഷനുകളാണു പദ്ധതിയിട്ടിരിക്കുന്നത്. ഭവാനി ഗ്രൂപ്പ് കണ്ടെയ്‌നർ ഡിപ്പോയ്ക്കു വേണ്ടി 100 കോടി രൂപയുടെ പദ്ധതി നൽകിയിട്ടുണ്ട്.
ട്രാൻസ്പോർട്ട് സൊലൂഷൻ പ്രൊവൈഡർമാരായ നിഷ റോഡ് വേയ്‌സും (50 കോടി) വിഴിഞ്ഞത്തു നിക്ഷേപത്തിനു സന്നദ്ധത അറിയിച്ചു. സംവേദ, സത്വ എന്നീ കമ്പനികൾ വെയർഹൗസുകളിലാണ് 50 കോടി വീതം നിക്ഷേപിക്കുക.
ലഷാകോ, ഗോൾഡൻ ഹോൺ കണ്ടെയ്നർ സർവീസസ് എന്നീ കമ്പനികൾ ചില്ലിങ് യൂണിറ്റുകളിലും 50 കോടിയുടെ വീതം നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. പ്രാഥമിക നടപടികൾക്കു ശേഷം പൂർണമായും പദ്ധതികൾ പ്രാബല്യത്തിലെത്താൻ 2 മുതൽ 5 വരെ വർഷം സമയമെടുക്കും.