
കൊച്ചി: 2021മുതൽ 2024 വരെ മൂന്ന് വർഷ കാലയളവിൽ ലോട്ടറി വിറ്റ് സംസ്ഥാന സർക്കാരിന് ലഭിച്ചത് 2781 കോടി രൂപയുടെ ലാഭം. ഈ കാലയളവിലെ ആകെ വരുമാനം 41,138.15 കോടി രൂപയും. ഏഴ് പ്രതിവാര ഭാഗ്യക്കുറികളും ആറ് ബമ്പർ ഭാഗ്യക്കുറികളുമാണ് സർക്കാർ നടത്തുന്നത്.
2021-22 സാമ്പത്തിക വർഷാരംഭം മുതൽ 2024 ഡിസംബർ 31 വരെ ലോട്ടറി വിറ്റ വകയിലുള്ള നികുതി വരുമാനം 11518.68 കോടി രൂപയാണ്. ലോട്ടറിയടിച്ചിട്ടും ഗുണഭോക്താവ് പണം കൈപ്പറ്റാത്തതിനാൽ സർക്കാരിലേക്ക് എത്തിയ തുക സംബന്ധിച്ച കണക്ക് അധികൃതർ സൂക്ഷിച്ചിട്ടില്ല.
2011-16 കാലഘട്ടത്തിൽ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തെ ലോട്ടറി ടിക്കറ്റ് വിൽപനയുടെ കണക്കുകൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.
38,577 രജിസ്റ്റർ ചെയ്ത ഏജൻറുമാരാണ് ലോട്ടറി വിൽപനക്കുള്ളത്. അവരിൽ 26,255 പേർ ലൈസൻസ് പുതുക്കിയിട്ടില്ല. ഏറ്റവുമധികം ഏജൻറുമാരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്- 4474.
കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച വിവരാവകാശ മറുപടിയിലാണ് കണക്കുകളുള്ളത്.
സാമ്പത്തിക വർഷാടിസ്ഥാനത്തിലാണ് കണക്കുകൾ തയാറാക്കുന്നത് എന്നതിനാൽ നടപ്പ് സാമ്പത്തിക വർഷത്തെ ലാഭക്കണക്കുകൾ ലഭ്യമല്ല.