തിരുവനന്തപുരം: കേരളത്തിന്റെ ഗ്രാഫീന്‍ മുന്നേറ്റത്തിന് കൂടുതല്‍ വേഗത കൈവരിക്കുന്നതിനും ഗ്രാഫീന്‍ ഉല്‍പ്പന്നങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിനും ലക്ഷ്യമിട്ട് ഗ്രാഫീന്റെ (graphene) പരീക്ഷണാര്‍ത്ഥമുള്ള ഉത്പാദന കേന്ദ്രം (പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി) കേരളത്തില്‍ സ്ഥാപിക്കാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയായിരിക്കും നിര്‍വ്വഹണ ഏജന്‍സി. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിന്‍ഫ്രയെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (SPV) ആയി നിയോഗിച്ചു. 237 കോടി രൂപ ചെലവില്‍ പി.പി.പി മാതൃകയിലാണ് ഈ സെന്റര്‍ സ്ഥാപിക്കുക.
പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസല്‍ തയ്യാറാക്കാനും ആഗോള താത്പര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടുന്നതിനും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി പദ്ധതിക്കായി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ അധ്യക്ഷതയില്‍ വ്യവസായവകുപ്പ്, ഐ.ടി വകുപ്പ്, കിന്‍ഫ്ര എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിക്കും.
വജ്രത്തേക്കാള്‍ അതിശക്തവും ഉരുക്കിനേക്കാള്‍ 200 മടങ്ങ് കട്ടിയുമുള്ള ഭാവിയുടെ സൂപ്പര്‍ ചാലകം എന്ന് വിളിക്കുന്ന പദാര്‍ത്ഥമാണ് ഗ്രാഫീന്‍.
ഭാരം തീരെ കുറവാണെന്നതും വൈദ്യുതി ചാലകശേഷി കൂടുതലാണെന്നതുമാണ് ഗ്രാഫീനെ സവിശേഷമാക്കുന്നത്.