തിരുവനന്തപുരം: കെഎസ്ഇബിക്കുള്ള കേന്ദ്രസർക്കാരിന്റെ പവർ സിസ്റ്റം ഡവലപ്മെന്റ് ഫണ്ട് (പിഎസ്ഡിഎഫ്) ഉപയോഗപ്പെടുത്തി കെ ഫോൺ പദ്ധതിക്കായി വാങ്ങിയ ഒപിജിഡബ്ല്യൂ കേബിളിന്റെ അളവിൽ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) കുറവു വരുത്തിയെന്ന് ഓഡിറ്റ് റിപ്പോർട്ട്.
2900.49 കിലോമീറ്റർ ഒപിജിഡബ്ല്യൂ വാങ്ങാനായിരുന്നു തീരുമാനം. 2751 കിലോമീറ്റർ കേബിൾ മാത്രമാണു വാങ്ങിയത്. കേബിളിന്റെ അളവ് വെട്ടിക്കുറിച്ചത് കെഎസ്ഐടിഐലിന്റെ ഏകപക്ഷീയ തീരുമാനമായിരുന്നെന്നും ഇക്കാര്യത്തിൽ കെഎസ്ഇബി എതിർപ്പ് അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമസഭയിൽ കെ.ബാബുവിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണു മുഖ്യമന്ത്രി പിണറായി വിജയൻ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കിയത്. 147.45 കോടി രൂപയാണു കേന്ദ്രസർക്കാർ കെഎസ്ഇബിക്ക് അനുവദിച്ചിരുന്നത്.
എന്നാൽ കെഎസ്ഇബിയുമായി ആശയവിനിമയം നടത്താതെയാണു കേബിളിന്റെ അളവ് കുറച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. എൽഎസ് കേബിൾ എന്ന കമ്പനി വിതരണം ചെയ്ത ഒപിജിഡബ്ല്യൂവിന്റെ പ്രധാന ഭാഗം പരിശോധന നടത്തിയതു ചൈനയിലെ ലാബിലാണ്.
കെഎസ്ഇബിക്ക് ഈ പരിശോധനയുടെ ഭാഗമാകാൻ അവസരം ലഭിച്ചില്ല. അതേസമയം, കെ ഫോൺ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസമായിട്ടും 3836 ബിപിഎൽ കുടുംബങ്ങളിൽ മാത്രമേ ഇന്റർനെറ്റ് നൽകാനായിട്ടുള്ളൂവെന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചു.