ന്യൂഡല്‍ഹി: 2022 ജൂണില്‍ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 26.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. വാണിജ്യ, വ്യവസായ മന്ത്രാലയം ഇന്നലെ അറിയിച്ചതാണ് ഇത്. 2021 ജൂണില്‍ വ്യാപാര കമ്മി 9.6 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.
2021 ജൂണിനെ അപേക്ഷിച്ച് 172 ശതമാനം കൂടുതലാണ് നിലവിലെ കമ്മി. ആഗോള ചരക്ക് വില വര്‍ദ്ധനവ് റെക്കോര്‍ഡുകള്‍ ലംഘിച്ചതിനെതുടര്‍ന്നാണ് കഴിഞ്ഞ മാസം വ്യാപാര കമ്മി ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ജൂണില്‍ ഇന്ത്യയുടെ കയറ്റുമതി 23.5 ശതമാനം ഉയര്‍ന്ന് 40.13 ബില്യണ്‍ ഡോളറിലെത്തി.
അതേസമയം ഇറക്കുമതി 57.5 ശതമാനം വര്‍ധിച്ച് 66.31 ബില്യണ്‍ ഡോളറിലേയ്ക്ക് ഉയര്‍ന്നു. അതുവഴി 26.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വ്യാപാരക്കമ്മി സംജാതമായി. വ്യാപാരകമ്മി ഇത്രയും ഉയര്‍ന്നത് വാണിജ്യ വകുപ്പിന് തലവേദനയായേക്കാമെന്ന് വിദഗ്ധര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസങ്ങളായി ഇന്ത്യയുടെ പ്രതിമാസ വ്യാപാര കമ്മി ഉയരുകയാണ്. ഏപ്രിലില്‍ 20.4 ബില്യണ്‍ ഡോളറായും മെയ് മാസത്തില്‍ 23.3 ബില്യണ്‍ ഡോളറായും വ്യാപരകമ്മി ഉയര്‍ന്നിരുന്നു.