
ന്യൂഡൽഹി: ഒരു ഡസനിലധികം രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി നിക്ഷേപ ഉടമ്പടികള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സൗദി അറേബ്യ, ഖത്തര്‍, ഇസ്രയേല്‍, ഒമാന്‍, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലന്‍ഡ്, റഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഇതില്‍ പെടും.
ഈ രാജ്യങ്ങള്‍ക്ക് പുറമേ, താജിക്കിസ്ഥാന്‍, കംബോഡിയ, ഉറുഗ്വേ, മാലിദ്വീപ്, സ്വിറ്റ്‌സര്‍ലന്‍ഡ്, കുവൈറ്റ് എന്നിവയുമായും ചര്‍ച്ചകള്‍ നടന്നുവരികയാണ്.
ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായും ആഗോള ഉല്‍പ്പാദന കേന്ദ്രമായും മാറുന്ന സാഹചര്യത്തില്‍, നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന നിക്ഷേപ വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നു.
‘അടുത്ത 3-6 മാസത്തിനുള്ളില്‍, ഈ രാജ്യങ്ങളുമായുള്ള ബിഐടി അന്തിമമാക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,’ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ നിക്ഷേപ സൗഹൃദപരമാക്കുന്നതിനും വിദേശ കമ്പനികളെ ആകര്‍ഷിക്കുന്നതിനുമായി ബിഐടികളുടെ നിലവിലെ മാതൃക നവീകരിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
2024 ല്‍ രാജ്യം രണ്ട് രാജ്യങ്ങളുമായി ബിഐടികളില്‍ ഒപ്പുവച്ചു. കഴിഞ്ഞ വര്‍ഷം, യുഎഇയുമായും ഉസ്‌ബെക്കിസ്ഥാനുമായും ഈ കരാറുകള്‍ നടപ്പിലാക്കുന്നതായി കേന്ദ്രം പ്രഖ്യാപിച്ചു.
വിദേശ നിക്ഷേപകര്‍ക്ക് സ്ഥിരമായ ഒരു നിക്ഷേപ സംരക്ഷണ ചട്ടക്കൂട് നല്‍കുന്നതിന്, അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
2024-25 ലെ സാമ്പത്തിക സര്‍വേ പ്രകാരം, രാജ്യത്തേക്ക് കൂടുതല്‍ വിദേശ നേരിട്ടുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഇന്ത്യ ‘എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി’ നികുതി ഉറപ്പും സ്ഥിരതയും മെച്ചപ്പെടുത്തണം.
2000 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള എഫ്ഡിഐ ഒഴുക്ക് 1 ട്രില്യണ്‍ യുഎസ് ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ആഗോളതലത്തില്‍ സുരക്ഷിതവും പ്രധാനവുമായ നിക്ഷേപ കേന്ദ്രമെന്ന രാജ്യത്തിന്റെ പ്രശസ്തി ഉറപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 81 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.
എഫ്ഡിഐയുടെ ഏകദേശം 25 ശതമാനം മൗറീഷ്യസ് വഴിയാണ് വന്നത്. തൊട്ടുപിന്നാലെ സിംഗപ്പൂര്‍ (24 ശതമാനം), യുഎസ് (10 ശതമാനം), നെതര്‍ലാന്‍ഡ്സ് (7 ശതമാനം), ജപ്പാന്‍ (6 ശതമാനം), യുകെ (5 ശതമാനം), യുഎഇ (3 ശതമാനം), കേമാന്‍ ദ്വീപുകള്‍, ജര്‍മ്മനി, സൈപ്രസ് എന്നിവ 2 ശതമാനം വീതം വിഹിതം നേടി.
സേവന വിഭാഗം, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, വ്യാപാരം, നിര്‍മ്മാണ വികസനം, ഓട്ടോമൊബൈല്‍, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് ഈ നിക്ഷേപം ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന പ്രധാന മേഖലകള്‍.