
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) പണപ്പെരുപ്പം 2020 ജൂലൈയ്ക്ക് ശേഷം ആദ്യമായി നെഗറ്റീവായി. മാര്‍ച്ചില്‍ 29 മാസത്തെ താഴ്ചയായ 1.34 ശതമാനം രേഖപ്പെടുത്തിയ ഡബ്ല്യുപിഐ (മൊത്ത വില സൂചിക പണപ്പെരുപ്പം) ഏപ്രിലില്‍ -0.92 ശതമാനമാകുകയായിരുന്നു.അടിസ്ഥാന പ്രഭാവത്തിന്റെ ആനുകൂല്യത്തിലാണിത്.
ഫെബ്രുവരിയില്‍ 3.85 ശതമാനമായിരുന്നു ഡബ്ല്യുപിഐ.
-0.92 ശതമാനത്തില്‍ മൊത്തവില 34 മാസത്തെ താഴ്ചയിലാണുള്ളത്. ഭക്ഷ്യവില പണപ്പെരുപ്പം മാര്‍ച്ചിലെ 2.32 ശതമാനത്തില്‍ നിന്ന് 0.17 ശതമാനമായപ്പോള്‍ മാനുഫാക്‌ച്വേര്‍ഡ് ഉത്പന്നങ്ങളുടേത് 2.42 ശതമാനത്തില്‍ നിന്നും നെഗറ്റീവ് സോണിലേയ്ക്ക് വീണു. പ്രാഥമിക വസ്തുക്കളുടെയും ഇന്ധന- വൈദ്യുതിയുടെയും വിലകയറ്റം യഥാക്രമം 1.6 ശതമാനവും 0.9 ശതമാനവുമായി കുറഞ്ഞിട്ടുണ്ട്.
ഓള്‍ കമ്മോഡിറ്റീസ് സൂചിക മാറ്റമില്ലാതെ തുടര്‍ന്നു.മൊത്തവിലയിടിവ് കോര്‍പറേറ്റുകളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. വരുമാനത്തിലെ കുറവ് ഇതുമൂലം പരിഹരിക്കപ്പെടും.ഉത്പാദന ചെലവ് കുറയുന്നത് കാരണം ചില്ലറ പണപ്പെരുപ്പവും മിതമാകും.
2022 മെയ് മാസത്തില്‍ മൊത്ത വില സൂചിക പണപ്പെരുപ്പം 3 ദശാബ്ദത്തിലെ ഉയരമായ 16.63 രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ 18 മാസത്തിനുശേഷം 2022 ഒക്ടാബറിലാണ് പിന്നീട് ഒറ്റ അക്കത്തിലെത്തുന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ 4.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
മാര്‍ച്ചിലിത് 5.66 ശതമാനമായിരുന്നു.