
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തവില സൂചിക പണപ്പെരുപ്പം സെപ്തംബറില്‍ 0.13 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റില്‍ ഡബ്ല്യുപിഐ (മൊത്തവില സൂചിക) പണപ്പെരുപ്പം 0.52 ശതമാനമായിരുന്നു.
ഇന്ധനം, ഊര്‍ജ്ജം സെഗ്മന്റ് പണപ്പെരുപ്പം ഓഗസ്റ്റിലെ 3.17 ശതമാനത്തെ അപേക്ഷിച്ച് -2.58 ശതമാനമായി കുറഞ്ഞപ്പോള്‍ ഭക്ഷ്യവിഭവങ്ങളിലെ പണപ്പെരുപ്പം 1.38 ശതമാനവും ഭക്ഷ്യേതര പണപ്പെരുപ്പം 1.06 ശതമാനവും കുറഞ്ഞു. വൈദ്യുതി വില 1.2 ശതമാനം വര്‍ദ്ധിച്ചു.
ഡബ്ല്യുപിഐ ബാസ്‌ക്കറ്റിലെ നിര്‍മ്മിത ഉത്പന്നങ്ങളുടെ വില സെപ്തംബറില്‍ 0.21 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഈ ഗ്രൂപ്പില്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, ലോഹേതര ധാതു ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ 10 ഉല്‍പ്പാദന വിഭാഗങ്ങള്‍ക്ക് വില വര്‍ദ്ധനവ് അനുഭവപ്പെട്ടു. റബ്ബര്‍, പ്ലാസ്റ്റിക്കുകള്‍, മോട്ടോര്‍ വാഹനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, റെക്കോര്‍ഡ് ചെയ്ത മാധ്യമങ്ങളുടെ അച്ചടി, പുനര്‍നിര്‍മ്മാണം തുടങ്ങിയ ആറ് വിഭാഗങ്ങള്‍ വിലക്കുറവ് രേഖപ്പെടുത്തി.
നേരത്തെ രാജ്യത്തിന്റെ ഉപഭോക്തൃവില സൂചിക (സിപിഐ) പണപ്പെരുപ്പം സെപ്തംബറില്‍ 1.54 ശതമാനമായി ഇടിഞ്ഞിരുന്നു. ഓഗസ്റ്റില്‍ 2.7 ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.