
കൊച്ചി: 2035ല്‍ ഇന്ത്യൻ സാമ്പത്തിക മേഖലയുടെ മൊത്തം മൂല്യ വർദ്ധന(ജി.വി.എ) 9.82 ലക്ഷം കോടി ഡോളറാകുമെന്ന് പ്രമുഖ രാജ്യാന്തര ധനകാര്യ ഏജൻസിയായ പി.ഡബ്‌ള്യു.സി വ്യക്തമാക്കി. 2023ല്‍ ഇന്ത്യയുടെ ജി.വി.എ 3.39 ലക്ഷം കോടി ഡോളറായിരുന്നു.
ജി.വി.എയില്‍ പ്രതിവർഷം 9.27 ശതമാനം വർദ്ധനയാണ് ഏജൻസി പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആഭ്യന്തര മൊത്തം ഉത്പാദനം(ജി.ഡി.പി) കണക്കാക്കുന്നതില്‍ പ്രധാന ഘടകമാണ് ജി.വി.എ. അടിസ്ഥാന വ്യവസായങ്ങള്‍ക്കും മാനുഷിക ആവശ്യങ്ങള്‍ക്കുമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതാണ് സാമ്പത്തിക മൂല്യം ഉയർത്തുന്നത്.
ഇന്ത്യൻ കമ്പനികള്‍ പുതിയ മേഖലകളിലേക്ക് വളർച്ച വ്യാപിക്കുന്നതാണ് ബിസിനസ് മൂല്യം ഉയർത്താൻ സഹായിക്കുന്നതെന്ന് പി.ഡബ്‌ള്യു.സി റിപ്പോർട്ടില്‍ പറയുന്നു.
സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങളുടെ കരുത്തില്‍ ഉത്പാദനം, നിർമ്മാണം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ വിപുലമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. 2047ല്‍ 30 ലക്ഷം കോടി ഡോളർ ജി.ഡി.പി നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
എന്താണ് ജി.വി.എ?
സാമ്പത്തിക, വ്യവസായ മേഖലയിലെ ചരക്ക്, സേവന ഉത്പാദനത്തിന്റെ മൂല്യം കണക്കാക്കുന്ന സൂചികയാണ് ജി.വി.എ. മൊത്തം ആഭ്യന്തര ഉത്പാദനത്തിനൊപ്പം(ജി.ഡി.പി) നികുതികള്‍ കൂട്ടിയതിന് ശേഷം വിവിധ സബ്സിഡികള്‍ കുറയ്ക്കുമ്പോഴാണ് ജി.വി.എ ലഭിക്കുന്നത്.