
ന്യൂഡൽഹി: യുഎസിന്റെ സമ്മർദങ്ങൾക്കും വഴങ്ങാതെ റഷ്യൻ ക്രൂഡ് ഓയിൽ വൻതോതിൽ വാങ്ങിക്കൂട്ടി ഇന്ത്യ. ജൂണിൽ ഇതുവരെ പ്രതിദിനം ശരാശരി 22 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തെന്നും ഇതു രണ്ടുവർഷത്തെ ഉയരമാണെന്നും വിപണിനിരീക്ഷകരായ കെപ്ലറിന്റെ കണക്കുകൾ വ്യക്തമാക്കി.
ഇതാകട്ടെ ഇറാക്ക്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സംയോജിത പ്രതിദിന ശരാശരിയേക്കാൾ കൂടുതലുമാണ്. മേയിൽ പ്രതിദിനം ശരാശരി 19.6 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണയായിരുന്നു ഇന്ത്യ വാങ്ങിയത്.
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് തടസ്സമുണ്ടായേക്കാമെന്ന വിലയിരുത്തലും വൻതോതിൽ റഷ്യൻ എണ്ണയെ ആശ്രയിക്കാൻ ഇന്ത്യൻ കമ്പനികളെ പ്രേരിപ്പിച്ചു.
സംഘർഷം രൂക്ഷമായാൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഗൾഫ് മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി നടക്കുന്ന മുഖ്യ കടൽപ്പാതയാണ് ഇറാന്റെ സ്വാധീനത്തിലുള്ള ഹോർമുസ്.
2022 ഫെബ്രുവരി മുതലാണ് ഇന്ത്യ റഷ്യൻ എണ്ണ കൂടുതലായി വാങ്ങിത്തുടങ്ങിയത്. റഷ്യ യുക്രെയ്നുനേരെ യുദ്ധം ആരംഭിക്കുകയും റഷ്യക്കുമേൽ യുഎസും യൂറോപ്യൻ യൂണിയനും മറ്റ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്.
റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നത് പിന്നീട് 40 ശതമാനത്തിലേക്കുവരെ കുതിച്ചുകയറിയിരുന്നു.
റഷ്യയുടെ യൂറൽസ് ഗ്രേഡ് ക്രൂഡ് ഓയിലാണ് ഇന്ത്യ ഏറ്റവുമധികം വാങ്ങുന്നത്. 2025ൽ ഇതുവരെ യൂറൽസ് എണ്ണയുടെ 80 ശതമാനം വാങ്ങിയതും ഇന്ത്യയാണ്. ഇതിൽത്തന്നെ സ്വകാര്യ എണ്ണവിതരണക്കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസും നയാര എനർജിയുമാണ് മുന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജൂൺ 24 വരെയുള്ള കണക്കുപ്രകാരം ഇന്ത്യ 241 മില്യൻ ബാരൽ യൂറൽസ് ഇറക്കുമതി ചെയ്തു. റഷ്യയുടെ മൊത്തം യൂറൽസ് കയറ്റുമതിയിൽ 45 ശതമാനവും വാങ്ങിയത് റിലയൻസും നയാരയുമാണ്. റിലയൻസിന്റെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ യൂറൽസിന്റെ വിഹിതം 2022ലെ 10 ശതമാനത്തിൽ നിന്ന് ഇപ്പോൾ 36 ശതമാനമായി കൂടി. നയാരയുടേത് 27ൽ നിന്നുയർന്ന് 72 ശതമാനവുമായി.
പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ ഗൾഫ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, യുഎസ് എന്നിവയെയാണ് ഇപ്പോൾ പ്രധാനമായും ക്രൂഡ് ഓയിലിനായി ആശ്രയിക്കുന്നത്.
ഇവയ്ക്ക് റഷ്യൻ കമ്പനികളുമായി ദീർഘകാല കരാറുകൾ ഇല്ലെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, ഇന്ത്യയ്ക്കുള്ള റഷ്യൻ എണ്ണയുടെ ഡിസ്കൗണ്ട് ബാരലിന് 4 ഡോളറിൽ നിന്ന് 2 ഡോളറായി കുറഞ്ഞിട്ടുണ്ട്.
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 500% ഇറക്കുമതി തീരുവ ഏർപ്പെടുത്തണമെന്ന് നിർദേശിക്കുന്ന ബിൽ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് യുഎസ്.
ട്രംപിന്റെ പക്ഷത്തുള്ള (റിപ്പബ്ലിക്കൻ) സെനറ്റർ ലിൻഡ്സെ ഗ്രഹാം, എതിർപക്ഷത്തുള്ള (ഡെമോക്രാറ്റ്) സെനറ്റർ റിച്ചാർഡ് ബ്ലുമെന്താൽ എന്നിവരൊന്നിച്ചാണ് ബിൽ കൊണ്ടുവരുന്നത്.
യുഎസിന്റെ ഉപരോധം ലംഘിച്ച് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് എത്തുന്ന ഉൽപന്നങ്ങൾക്കുമേൽ 500% ചുങ്കം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ‘യുദ്ധത്തിന്റെ കാലം’ അല്ലെന്നാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രതികരിച്ചത്.