
കൊച്ചി: ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാരക്കരാറിലൂടെ ഇന്ത്യയുടെ വജ്ര, രത്‌ന, സ്വർണാഭരണ കയറ്റുമതിയിൽ 34% വർധനയുണ്ടാകുമെന്ന് ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ. 2024ൽ യുകെയിലേക്കുള്ള സ്വർണാഭരണ കയറ്റുമതി 94.10 കോടി ഡോളറിന്റേതായിരുന്നത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 245 കോടി ഡോളറാകും.
ഏകദേശം ഒന്നരലക്ഷത്തോളം ആളുകൾക്ക് കൂടുതലായി ജോലി ലഭിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിൽ ഈ മേഖലയിലുള്ള വ്യാപാരം 700 കോടി ഡോളറിന്റേതായി ഉയരുമെന്നും കൗൺസിൽ രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യയിൽ നിന്നുള്ള സ്വർണം, വെള്ളി ആഭരണങ്ങൾക്ക് 2–4 ശതമാനം ഇറക്കുമതി തീരുവയാണ് യുകെ ചുമത്തിയിരുന്നത്. വ്യാപാരക്കരാറോടെ നികുതി പൂർണമായും ഒഴിവാകും.
ഇന്ത്യയിൽ നിന്ന് യുകെ ഇറക്കുമതി ചെയ്യുന്നതിൽ സ്വർണം, സ്റ്റഡഡ് ആഭരണങ്ങൾ 36.64 കോടി ഡോളർ വരും. പോളിഷ്ഡ് വജ്രം 23.04 കോടി ഡോളർ, വെള്ളി ആഭരണം 6.8 കോടി ഡോളർ എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. ഇന്ത്യയുടെ ആകെ സ്വർണം, വെള്ളി, പ്ലാറ്റിനം ഇറക്കുമതി 9050 കോടി ഡോളർ ആണ്. ഇതിൽ യുകെയിൽ നിന്നുള്ളത് 269 കോടി ഡോളറും.