
ന്യൂഡല്‍ഹി: അപൂര്‍വ്വ ഭൗമ മൂലകങ്ങള്‍ അവശ്യാനുസരണം ലഭ്യമാക്കുന്നതിനായി ദേശീയ അപൂര്‍വ്വ ധാതു ശേഖരം ഒരുക്കുകയാണ് ഇന്ത്യ. ഇവയുടെ കയറ്റുമതി ചൈന നിര്‍ത്തിവച്ച സാഹചര്യത്തിലാണിത്. ഇലക്ട്രിക് വാഹനങ്ങള്‍, കാറ്റാടി യന്ത്രങ്ങള്‍, നൂതന ഇലക്ട്രോണിക്‌സ് എന്നിവ നിര്‍മ്മിക്കുന്നതിന് അത്യാവശ്യമാണ് ഈ ഘടകങ്ങള്‍. ഇതിനായി നിലവില്‍ ചൈനയെ ആണ് രാജ്യം ആശ്രയിക്കുന്നത്.
പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപ വകയിരുത്തും. ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്റെ (എന്‍സിഎംഎം) കീഴിലായിരിക്കും കരുതല്‍ ശേഖരം. ഇതിനായി സ്വകാര്യ കമ്പനികളെ ക്ഷണിക്കും.
ആദ്യ പരിഗണന അപൂര്‍വ്വ ഭൗമ മൂലകങ്ങള്‍ക്കാകുമെങ്കിലും പിന്നീട് ഇന്ത്യയുടെ ഊര്‍ജ്ജ പരിവര്‍ത്തനത്തിന് ഉതകുന്ന നിര്‍ണ്ണായക ധാതുക്കള്‍ ഉള്‍പ്പെടുത്തി ശേഖരം വികസിപ്പിക്കും.വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര ഉല്‍പ്പാദനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള വിശാല തന്ത്രത്തിന്റെ ഭാഗമാണ് സംരംഭം. നിര്‍ണായക ധാതുക്കളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിലൂടെ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമുള്ള ബാഹ്യ ആഘാത കുറയ്ക്കാനാകും.
സവിശേഷമായ കാന്തിക, വൈദ്യുത ഗുണങ്ങളുള്ള 17 ലോഹങ്ങളുടെ കൂട്ടമാണ് അപൂര്‍വ ഭൗമ മൂലകങ്ങള്‍. ഉയര്‍ന്ന പ്രകടനമുള്ള മോട്ടോറുകള്‍, ബാറ്ററികള്‍, സെന്‍സറുകള്‍, ആധുനിക സാങ്കേതികവിദ്യകള്‍ക്ക് ശക്തി പകരുന്ന മറ്റ് ഘടകങ്ങള്‍ എന്നിവയിലാണ് ഇവ ഉപയോഗപ്പെടുത്തുന്നത്. ഉല്‍പ്പാദനത്തിലും സംസ്‌കരണത്തിലും ആഗോള തലത്തില്‍ ചൈനയ്ക്കാണ് ആധിപത്യം.ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെയാണ് ഇന്ത്യ നിലവില്‍ പ്രധാനമായും ആശ്രയിക്കുന്നത്.