
ന്യഡല്‍ഹി: സോവറിന്‍ ക്ലൗഡ് സാങ്കേതികവിദ്യ, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ (ഒഎസ്), സൈബര്‍ സുരക്ഷ, ഡാറ്റാധിഷ്ഠിത എഐ സേവനങ്ങള്‍ എന്നിവ തദ്ദേശീയമായി വികസിപ്പിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് വ്യാപാര സംഘടന ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവ്് (ജിടിആര്‍ഐ). യുഎസ് സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്നതിനാലാണിത്.
ഭൗമ രാഷ്ട്രീയ സംഘര്‍ഷാവസ്ഥകളുടെ കാലത്ത് സേവനങ്ങള്‍ വിച്ഛേദിക്കപ്പെടാനോ ഡാറ്റ ആക്‌സസ് നിഷേധിക്കപ്പെടാനോ സാധ്യതയുണ്ട്. ഇത് ബാങ്കിംഗ്, ഭരണം,പ്രതിരോധ സംവിധാനം എന്നിവയെ താറുമാറാക്കും.
ഇന്ത്യ തീരുവകളുടെ രൂപത്തില്‍ ബാഹ്യ ആഘാതം നേരിടുകയാണ്. എന്നാല്‍ ഗുരുതരമായ മറ്റൊരു പ്രശ്‌നം നമ്മെ തുറിച്ചുനോക്കുന്നു. അത് യുഎസ് സാങ്കേതികസ്ഥാപനങ്ങളിലുള്ള ആശ്രയത്വമാണ്. തന്ത്രപരമായി അപകടകരമാണിത്, ജിടിആര്‍ഐ റിപ്പോര്‍ട്ടില്‍ കുറിച്ചു.
നിലവില്‍ ഇന്ത്യന്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, പ്രതിരോധം, സര്‍ക്കാര്‍ ആപ്ലിക്കേഷനുകള്‍ എന്നിവ യുഎസ് സിസ്റ്റങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവ വിച്ഛേദിക്കപ്പെടുന്ന പക്ഷം രാജ്യവ്യാപകമായി ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, നികുതി ഫയലിംഗുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ തടസ്സപ്പെടുമെന്നും റിപ്പോര്‍ട്ട് വാദിച്ചു.