
ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കത്തില്‍ പ്രതികരണവുമായി ഇന്ത്യ.
ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള 26 ശതമാനം ഇറക്കുമതി തീരുവ, രാജ്യത്തെ സംബന്ധിച്ച് തിരിച്ചടിയല്ലെന്നും യുഎസിന്റെ ഈ തീരുമാനം കൊണ്ട് നേട്ടങ്ങളും അതുപോലെ തന്നെ കോട്ടങ്ങളുമുണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പി.ടി.ഐ.റിപ്പോർട്ട് ചെയ്തു.
എല്ലാ രാജ്യങ്ങള്‍ക്കുമായി യുഎസ് ചുമത്തിയിട്ടുള്ള പത്ത് ശതമാനം തീരുവ ഏപ്രില്‍ അഞ്ചാം തീയതി മുതല്‍ ഈടാക്കി തുടങ്ങും. ശേഷിക്കുന്ന 16 ശതമാനം ഏപ്രില്‍ പത്ത് മുതലായിരിക്കും ഈടാക്കുകയെന്നാണ് വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
അമേരിക്ക ഇപ്പോള്‍ ചുമത്തിയിട്ടുള്ള തീരുവ ഇന്ത്യയുടെ വ്യാപാര മേഖലയെ ഏതൊക്കെ തരത്തിലായിരിക്കും ബാധിക്കുകയെന്ന് വാണിജ്യ മന്ത്രാലയം വിലയിരുത്തി വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
തീരുവ സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ആശങ്കകള്‍ പരിഹരിച്ചാല്‍ ഇപ്പോള്‍ ചുമത്തിയിട്ടുള്ള താരിഫുകളില്‍ പുനഃപരിശോധന നടത്തുമെന്ന് ട്രംപ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിക്കുന്നു.
അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള പകരച്ചുങ്കത്തോട് സംയമനത്തോടെയാണ് മറ്റ് രാജ്യങ്ങള്‍ പ്രതികരിക്കുന്നതെങ്കില്‍ ഇനിയൊരു വർധനവുണ്ടാകില്ലെന്നും വൈറ്റ് ഹൗസ് ഉറപ്പുനല്‍കുന്നു. മറ്റ് രാജ്യങ്ങളോട് മികച്ച വ്യാപാരബന്ധമാണ് യു.എസ്. ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഏറ്റവും നല്ല സുഹൃത്താണ്. എന്നാല്‍, ആ രാജ്യത്തെ നയങ്ങള്‍ നമ്മളോട് തെറ്റായ രീതിയിലാണ് ഇടപെടുന്നതെന്നാണ് നികുതി പ്രഖ്യാപനത്തില്‍ ട്രംപ് പറഞ്ഞത്.
ഇന്ത്യ നമ്മളോട് 52 ശതമാനം ഇറക്കുമതി തീരുവയാണ് ഈടാക്കുന്നത്. അതിന്റെ പകുതി നമ്മള്‍ തിരിച്ചും ഈടാക്കും. ഇന്ത്യയില്‍നിന്ന് അമേരിക്കയില്‍ എത്തുന്ന ഉത്പന്നങ്ങള്‍ക്ക് 26 ശതമാനം തീരുവയാണ് അമേരിക്ക ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഏപ്രില്‍ രണ്ട് അമേരിക്കയുടെ വിമോചന ദിനമാണെന്ന് അറിയിച്ചാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്.
തീരുവയുടെ കാര്യത്തില്‍ താൻ ദയാലുവാണെന്നും ഡിസ്കൗണ്ട് പകരച്ചുങ്കമാണ് പ്രഖ്യാപിക്കുന്നതെന്നുമാണ് ട്രംപ് പറഞ്ഞത്.
ഇന്ത്യയ്ക്ക് 26 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും യൂറോപ്യൻ യൂണിയനുകള്‍ക്ക് 20 ശതമാനവും യുകെയ്ക്ക് പത്ത് ശതമാനവും ജപ്പാന് 24 ശതമാനവും ഇറക്കുമതി തീരുവയാണ് ട്രംപ് ചുമത്തിയിരിക്കുന്നത്.