
ന്യൂഡല്‍ഹി: ചില്ലറ വൈദ്യുത വിതരണത്തിന് സ്വകാര്യ സ്ഥാപനങ്ങളെ അനുവദിക്കാന്‍ കേന്ദ്രം. ഇതിനുള്ള കരട് ബില്‍ വെള്ളിയാഴ്ച പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങളിലും ബാധകമാകുന്ന രീതിയിലാണ് ബില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
വീട്ടുകാര്‍, ബിസിനസുകള്‍, വ്യവസായങ്ങള്‍ എന്നിവയിലേക്ക് നേരിട്ട് വൈദ്യുതി എത്തിക്കുന്ന വൈദ്യുതി വിതരണത്തിന്റെ അവസാന ഘട്ടമാണ് നിര്‍ദ്ദിഷ്ട പരിഷ്‌ക്കരണം ഉന്നം വയ്ക്കുന്നത്. നിലവില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് മേഖല കൈകാര്യം ചെയ്യുന്നത്. ഡിസ്‌കോമുകള്‍ എന്നറിയപ്പെടുന്ന ഇവര്‍ പവര്‍ ജനറേറ്ററുകളില്‍ നിന്ന് വൈദ്യുതി വാങ്ങുകയും അന്തിമ ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. വിപണി രാജ്യവ്യാപകമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ നിര്‍ദ്ദിഷ്ട ബില്‍ ശ്രമിക്കുന്നു. ഇത് വഴി ഉപഭോക്താക്കള്‍ക്ക് അവരുടെ വൈദ്യുതി ദാതാവിനെ തിരഞ്ഞെടുക്കാനാകും.
നിലവില്‍, സ്വകാര്യ കമ്പനികള്‍ കുറച്ച് പ്രദേശങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂന്നുള്ളൂ. ഇതില്‍ ദേശീയ തലസ്ഥാന മേഖല (ഡല്‍ഹി), ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവ ഉള്‍പ്പെടുന്നു. ഈ മേഖലകളില്‍, ടാറ്റ പവര്‍, അദാനി ഇലക്ട്രിസിറ്റി, ടോറന്റ് പവര്‍, സിഇഎസ്സി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന-നിര്‍ദ്ദിഷ്ട നിയമങ്ങള്‍ പ്രകാരം വൈദ്യുതി വിതരണം ചെയ്യാം. ഈ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയും രാജ്യത്തുടനീളം സ്വകാര്യ പങ്കാളിത്തം അനുവദിക്കുകയുമാണ് നിലവിലെ നീക്കം.
ബില്‍ പാസായാല്‍, അദാനി എന്റര്‍പ്രൈസസ്, ടാറ്റ പവര്‍, ടോറന്റ് പവര്‍, സിഇഎസ്സി തുടങ്ങിയ കമ്പനികള്‍ക്ക് രാജ്യമൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകും. ഇത് മത്സരം വര്‍ദ്ധിപ്പിക്കുകയും സേവന നിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യും. അതേസമയം വൈദ്യുത വിതരണ നിയന്ത്രണം നഷ്ടപ്പെടുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാറുകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. സമാനമായ കാരണത്താല്‍ 2022 ല്‍ നീക്കം പരാജയപ്പെട്ടിരുന്നു.
നടപ്പിലാക്കുന്നതിനുള്ള വിശദമായ സാമ്പത്തിക കണക്കുകളോ സമയപരിധികളോ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. പൊതുജനാഭിപ്രായത്തിനും പാര്‍ലമെന്ററി അവലോകനത്തിനും വിധേയമായിട്ടായിരിക്കും ബില്‍ നിയമമാകുക..